സൽമാൻ ഖാൻ
മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്‍ നായകനായ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനില്‍ അനധികൃതമായി കടന്നുകയറി യുവാവ്. മുംബൈയിലാണ് സംഭവം. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്ന് വിശേഷിപ്പിച്ച് അനുമതിയില്ലാതെ അകത്തുകയറിയ ഇയാള്‍, ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പേരുപറഞ്ഞ് ഭീഷണിപ്പെടുത്താന്‍ ശ്രമിച്ചു.
ലൊക്കേഷനില്‍ പ്രവേശിച്ചതുസംബന്ധിച്ച് ചോദ്യംചെയ്തപ്പോള്‍ ‘ബിഷ്‌ണോയ്‌യെ അറിയിക്കണോ’ എന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു. പിന്നാലെ ചെറിയ വാക്കേറ്റവുമുണ്ടായതോടെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പോലീസില്‍ വിവരമറിയിച്ചു. ഇയാളെ ചോദ്യംചെയ്യുന്നതിനായി ശിവാജി പാര്‍ക്ക് പോലീസ് സ്‌റ്റേഷനില്‍ കൊണ്ടുപോയി.
മുംബൈ സ്വദേശിയായ ഇയാളുടെ മുന്‍പശ്ചാതലങ്ങള്‍ അന്വേഷിച്ചെങ്കിലും സംശയത്തക്ക രീതിയില്‍ ഒരു വിവരവും ലഭിച്ചിട്ടില്ല. സല്‍മാന്‍ ഖാന്റെ ആരാധകനാണെന്നും ഷൂട്ടിങ് കാണാനെത്തിയതാണെന്നുമാണ് പോലീസിനോട് വിശദീകരിച്ചത്. എങ്കിലും ലോറന്‍സ് ബിഷ്‌ണോയ്‌യുടെ പേര് ഉപയോഗിച്ചതാണ് വിനയായത്.
അടിക്കടി ഭീഷണി ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ സല്‍മാന്‍ ഖാന്റെ സുരക്ഷ വലിയതോതില്‍ വര്‍ധിപ്പിച്ചിരുന്നു. ഇതിനിടെ ഒരാള്‍ ലൊക്കേഷനില്‍ കയറി ബിഷ്‌ണോയ്‌യുടെ പേരു പറഞ്ഞതാണ് വലിയ കോളിളക്കത്തിലേക്ക് നയിച്ചത്. ലോറന്‍സ് ബിഷ്‌ണോയിയുടെ അധോലോകസംഘത്തില്‍നിന്ന് സല്‍മാന്‍ഖാന് നേരത്തേയും വധഭീഷണികള്‍ ലഭിച്ചിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലില്‍ നടന്റെ ബാന്ദ്രയിലെ വീടിനുപുറത്ത് വെടിവെപ്പുമുണ്ടായി.
