Photo: AFP

അഡ്‌ലെയ്ഡ് : ബോര്‍ഡര്‍ ഗാവസ്‌ക്കര്‍ ട്രോഫി പരമ്പരയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിനം ഓസ്‌ട്രേലിയക്ക് മേല്‍ക്കൈ. ഡേ നൈറ്റ് ടെസ്റ്റില്‍ ഇന്ത്യയെ 180 റണ്‍സിന് പുറത്താക്കിയ ഓസീസ്, ഒന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സെന്ന മികച്ച നിലയിലാണ്. 38 റണ്‍സുമായി നഥാന്‍ മക്‌സ്വീനിയും 20 റണ്‍സുമായി മാര്‍നസ് ലബുഷെയ്‌നുമാണ് ക്രീസില്‍. ഇന്ത്യന്‍ സ്‌കോറിന് 94 റണ്‍സ് മാത്രം പിന്നിലാണ് ഓസീസ്.

13 റണ്‍സെടുത്ത ഓപ്പണര്‍ ഉസ്മാന്‍ ഖവാജയുടെ വിക്കറ്റാണ് ഓസീസിന് നഷ്ടമായത്. ജസ്പ്രീത് ബുംറയ്ക്കാണ് വിക്കറ്റ്. നേരത്തേ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ 180 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. ആറു വിക്കറ്റ് വീഴ്ത്തിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇന്ത്യന്‍ നിരയെ എറിഞ്ഞിട്ടത്. 42 റണ്‍സെടുത്ത നിതീഷ് കുമാര്‍ റെഡ്ഡിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ഇന്നിങ്സിന്റെ ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ യശസ്വി ജയ്സ്വാളിന്റെ (0) വിക്കറ്റ് നഷ്ടത്തോടെയാണ് ഇന്ത്യ തുടങ്ങിയത്. സ്റ്റാര്‍ക്കിനായിരുന്നു വിക്കറ്റ്. പിന്നാലെ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – ശുഭ്മാന്‍ ഗില്‍ സഖ്യം ഇന്ത്യയെ കൂടുതല്‍ വിക്കറ്റ് നഷ്ടമില്ലാതെ 69 റണ്‍സ് വരെയെത്തിച്ചു. എന്നാല്‍ 37 റണ്‍സെടുത്ത രാഹുലിനെ മടക്കി സ്റ്റാര്‍ക്ക് ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് വഴിവെട്ടി. വിരാട് കോലി (7), ക്യാപ്റ്റന്‍ രോഹിത് ശര്‍മ (3) എന്നിവര്‍ കാര്യമായ ചെറുത്തുനില്‍പ്പില്ലാതെ മടങ്ങി. 31 റണ്‍സെടുത്ത് ഭേദപ്പെട്ട ഇന്നിങ്സിന്റെ സൂചന നല്‍കിയ ഗില്ലിനെ സ്‌കോട്ട് ബോളണ്ടും പുറത്താക്കി. 21 റണ്‍സെടുത്ത ഋഷഭ് പന്തും 22 റണ്‍സെടുത്ത ആര്‍. അശ്വിനും മാത്രമാണ് ഇടയ്ക്ക് പിടിച്ചുനിന്നത്. ഇവരെ കൂട്ടുപിടിച്ചാണ് നിതീഷ് ഇന്ത്യന്‍ സ്‌കോര്‍ 150 കടത്തിയത്.

ഓസീസിനായി പാറ്റ് കമ്മിന്‍സും ബോളണ്ടും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.