പ്രതീകാത്മക ചിത്രം

തിരുവനന്തപുരം ∙ നഗരത്തില്‍ കിഴക്കേക്കോട്ടയില്‍ ബസുകള്‍ക്കിടയില്‍ ഞെരുങ്ങി ബാങ്ക് മാനേജർക്ക് ദാരുണാന്ത്യം. കേരള ബാങ്ക് തിരുവനന്തപുരം റീജനൽ ഓഫിസിലെ സീനിയർ മാനേജർ എം.ഉല്ലാസ് (52) ആണ് മരിച്ചത്. കൊല്ലം പള്ളിമുക്ക് തട്ടാമല സ്വദേശിയാണ്. റോഡ് മുറിച്ചു കടക്കുന്നതിനിടെയാണ് ബസുകള്‍ക്കിടയില്‍പെട്ട് അപകടം ഉണ്ടായത്. ഉടന്‍ തന്നെ പൊലീസ് വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

പഴവങ്ങാടി ഭാഗത്തുവച്ച് കെഎസ്ആര്‍ടിസി ബസിനും സ്വകാര്യ ബസിനും ഇടയിലാണ് ഉല്ലാസ് അകപ്പെട്ടത്. യു ടേണ്‍ എടുത്ത കെഎസ്ആര്‍ടിസി ബസിനു മുന്നില്‍ ഉല്ലാസ് നില്‍ക്കുമ്പോള്‍ മറ്റൊരു സ്വകാര്യ ബസ് കെഎസ്ആര്‍ടിസി ബസിനു മുന്നിലേക്ക് യു ടേണ്‍ എടുക്കുകയായിരുന്നു. ഇതോടെ രണ്ടു ബസുകള്‍ക്കും ഇടയില്‍പെട്ട് ഉല്ലാസ് ഞെരിഞ്ഞമർന്നു. ഉടന്‍ തന്നെ പൊലീസ് എത്തി ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.