അനന്തുമാരി
ഒല്ലൂര്‍ : കത്തിക്കുത്തുകേസിലെ പ്രതിയെ പിടികൂടാന്‍ പോയ ഒല്ലൂര്‍ എസ്.എച്ച്.ഒ. ടി.പി. ഫര്‍ഷാദ്, സി.പി.ഒ. വിനീത് എന്നിവര്‍ക്ക് പ്രതികളെ കീഴടക്കുന്നതിനിടെ കുത്തേറ്റു. എസ്.എച്ച്.ഒ.ക്ക് ഇടതുതോളിലും സി.പി.ഒ.ക്ക് കാലിനുമാണ് പരിക്ക്. ഇവരെ ഒല്ലൂര്‍ മിഡാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുഖ്യപ്രതി കുട്ടനെല്ലൂർ സ്വദേശി അനന്തുമാരിയെയും രണ്ടു കൂട്ടാളികളെയും പോലീസ് പിടികൂടി. വ്യാഴാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം.
വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലിന് കുട്ടനെല്ലൂര്‍ കള്ളുഷാപ്പില്‍ അനന്തു മറ്റൊരാളെ കുത്തിപ്പരിക്കേല്‍പിച്ചിരുന്നു. ഇയാളുടെ പരാതിപ്രകാരമാണ് പോലീസ് പ്രതിയെ പിടികൂടാന്‍ പുറപ്പെട്ടത്.
പ്രതിയും കൂട്ടാളികളും അഞ്ചേരി അയ്യപ്പന്‍കാവ് ഭാഗത്ത് ഒരു ഫാമില്‍ ഒളിവിലുണ്ടെന്ന് മനസ്സിലാക്കിയ പോലീസ് അവിടേക്കു പോകുകയായിരുന്നു. മദ്യപിച്ചിരുന്ന പ്രതിയും കൂട്ടാളികളും പോലീസിനെക്കണ്ട് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പോലീസ് ഇവരെ മല്‍പ്പിടിത്തത്തിലൂടെ കീഴടക്കി. ഇതിനിടെയാണ് അനന്തു പോലീസിനുനേരെ കത്തി വീശിയത്. അനന്തുവിന്റെ പേരില്‍ നിരവധി ക്രമിനല്‍ കേസുകളുണ്ട്. കാപ്പ പ്രകാരം ശിക്ഷയനുഭവിച്ചിട്ടുമുണ്ട്.
