പ്രതീകാത്മക ചിത്രം
മീററ്റ് : ആശുപത്രി ലിഫ്റ്റ് തകര്‍ന്നുണ്ടായ പരിക്കുകളെ തുടര്‍ന്ന് യുവതിക്ക് ദാരുണാന്ത്യം. ഉത്തര്‍പ്രദേശിലെ മീററ്റില്‍ വെള്ളിയാഴ്ചയോടെയാണ് സംഭവം. പ്രസവത്തിനായി ലോഹിയ നഗറിലെ ക്യാപിറ്റല്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരുന്ന കരിഷ്മ എന്ന യുവതിയാണ് മരിച്ചത്. പ്രസവശേഷം യുവതിയെ വാര്‍ഡിലേക്ക് മാറ്റാനായി കൊണ്ടുപോകുമ്പോഴാണ് ലിഫ്റ്റ് തകർന്നത്.
കരിഷ്മയോടൊപ്പം ലിഫ്റ്റില്‍ രണ്ട് ആശുപത്രി ജീവനക്കാരുമുണ്ടായിരുന്നു. ഇവര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. ലിഫ്റ്റിന്റെ കേബിള്‍ തകര്‍ന്നാണ് അപകടമുണ്ടായത്. തലയ്ക്കും കഴുത്തിനുമേറ്റ ഗുരുതരമായ പരിക്കുകളെ തുടര്‍ന്നാണ് കരിഷ്മ മരിച്ചത്.
അപകടമുണ്ടായി 45 മിനിറ്റിന് ശേഷം ലിഫ്റ്റിന്റെ വാതിൽ തകര്‍ത്താണ് ആശുപത്രി ജീവനക്കാർ ഇവരെ പുറത്തെടുത്തത്. കരിഷ്മയെ മറ്റൊരു ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കരിഷ്മയുടെ മരണത്തെ തുടര്‍ന്ന് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു.
