തെറിച്ചുപോയ പെൺകുട്ടി ഊഞ്ഞാലിന് മുകളിൽ
ലംഖിംപുര്‍ ഖേരി(യു.പി) : ആകാശ ഊഞ്ഞാല്‍ അപ്രതീക്ഷിതമായി പ്രവര്‍ത്തിച്ചതോടെ ഇരിപ്പിടത്തിനുള്ളില്‍നിന്ന് തെറിച്ചുപോയ 13-കാരി പുറത്തെ കമ്പിയില്‍ തൂങ്ങിയാടിയത് 60 അടി ഉയരത്തില്‍. സംഭവം കണ്ടുനിന്നവർ ഓപ്പറേറ്ററുടെ ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണെ കുട്ടിയെ താഴെയിറക്കിയത്. കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് ലംഖിംപുര്‍ ഖേരിയിലെ നിഗാസന്‍ ഭാഗത്താണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്.
ഊഞ്ഞാലിലെ ഇരിപ്പിടത്തിലിരിക്കുകയായിരുന്നു പെണ്‍കുട്ടി. അപ്രതീക്ഷിതമായി ഊഞ്ഞാൽ വേഗതയില്‍ നീങ്ങാന്‍ തുടങ്ങിയതോടെ 13- കാരി തെറിച്ചുപോവുകയായിരുന്നു. പുറത്തേക്ക് തെറിച്ചുപോയെങ്കിലും ഊഞ്ഞാലിന്‍റെ കമ്പികളിലൊന്നിൽ പിടികിട്ടി. അപ്പോഴും ഊഞ്ഞാല്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഉടന്‍തന്നെ പുറത്തുനിന്നുള്ളവര്‍ ഒച്ചവെച്ച് ഓപ്പറേറ്ററുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
അനുവാദമില്ലാതെ യന്ത്ര ഊഞ്ഞാല്‍ പ്രവര്‍ത്തിപ്പിച്ചവര്‍ക്കെതിരേ കേസെടുക്കുമെന്ന് കളക്ടര്‍ രാജീവ് നിഗം അറിയിച്ചു. അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിട്ടുണ്ട്.
