രോഹിത് ശർമ്മ

അഡ്‌ലെയ്ഡ് : ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്കായി കെ.എല്‍ രാഹുല്‍ തന്നെ ഓപ്പണ്‍ ചെയ്യുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ. മധ്യനിരയില്‍ എവിടെയെങ്കിലുമാകും താന്‍ ബാറ്റിങ്ങിനിറങ്ങുകയെന്നും ടീമിനെ സംബന്ധിച്ച് അതാണ് ശരിയായ തീരുമാനമെന്നും രോഹിത് വ്യക്തമാക്കി. രണ്ടാം ടെസ്റ്റിന് മുന്നോടിയായി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു രോഹിത്.

‘പെര്‍ത്തില്‍ രാഹുല്‍ ബാറ്റ് ചെയ്ത രീതിയും ജയ്‌സ്വാളുമായുള്ള കൂട്ടുകെട്ടും വിജയത്തില്‍ നിര്‍ണായകമായി. അതുകൊണ്ടുതന്നെ രാഹുല്‍ ഓപ്പണറായി തുടരും. മധ്യനിരയില്‍ എവിടെയെങ്കിലും ഞാന്‍ ബാറ്റ് ചെയ്യാനെത്തും. ഒരു ബാറ്റര്‍ എന്ന നിലയില്‍ ബുദ്ധിമുട്ടുള്ള തീരുമാനമാണത്. എന്നാല്‍ ടീമിനെ സംബന്ധിച്ചിടത്തോളം അതാണ് നല്ലത്. ടീമിനുവേണ്ടതും അതു തന്നെയാണ്.’-രോഹിത് വ്യക്തമാക്കുന്നു.

വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്ന് പെര്‍ത്ത് ടെസ്റ്റില്‍നിന്ന് രോഹിത് ശര്‍മ വിട്ടുനിന്നിരുന്നു. രോഹിതിന്റെ അഭാവത്തിലാണ് രാഹുല്‍ ഓപ്പണറായി ഇറങ്ങിയത്. രണ്ടാം ഇന്നിങ്‌സില്‍ ജെയ്‌സ്വാളിനൊപ്പം രാഹുല്‍ 201 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. ജെയ്‌സ്വാള്‍ സെഞ്ചുറി നേടിയപ്പോള്‍ രാഹുല്‍ 77 റണ്‍സ് അടിച്ചെടുത്തു. പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ ഇന്ത്യയുടെ പരിശീലന മത്സരത്തിലും ഇരുവരും തന്നെയാണ് ഓപ്പണിങ്ങില്‍ കളിച്ചത്. രോഹിത് മധ്യനിരയിലാണ് ഇറങ്ങിയത്.

ആദ്യ ടെസ്റ്റില്‍ അശ്വിനേയും ജഡേജയേയും പുറത്തിരുത്തിയതിനെ കുറിച്ചും രോഹിത് സംസാരിച്ചു. പെര്‍ത്തിലെ പിച്ചില്‍ അനുയോജ്യമെന്ന് തോന്നിയ ടീമിനെയാണ് മാനേജ്‌മെന്റ് തിരഞ്ഞെടുത്തതെന്നും ഈ രണ്ടുപേരും പരമ്പരയുടെ ശേഷിക്കുന്ന മത്സരങ്ങളില്‍ അവരുടെ പങ്ക് വഹിക്കുമെന്നും പിച്ചുകള്‍ നോക്കിയാണ് ടീം തീരുമാനിക്കുന്നതെന്നും രോഹിത് വ്യക്തമാക്കി.