നരേന്ദ്ര മോദിയും ദേവേന്ദ്ര ഫഡ്നാവിസും (File:PTI Photo/Shashank Parade)(PTI07_13_2024_000277B)
മുംബൈ ∙ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്നാവിസിന് (54) മൂന്നാമൂഴം. ആസാദ് മൈതാനത്തു തയാറാക്കിയ പന്തലിൽ ഇന്ന് വൈകിട്ടാണു സത്യപ്രതിജ്ഞ. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്രമന്ത്രിമാർ, എൻഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ 19 മുഖ്യമന്ത്രിമാർ, ബോളിവുഡ് താരങ്ങൾ, വ്യവസായ പ്രമുഖർ എന്നിവരുടെയും പതിനായിരക്കണക്കിന് അണികളുടെയും സാന്നിധ്യത്തിലാണ് അധികാരമേൽക്കുക. പ്രതിമാസം 1500 രൂപ ലഭിക്കുന്ന പദ്ധതിയുടെ ഗുണഭോക്താക്കളായ സ്ത്രീകളുടെ പ്രതിനിധികളായി 5,000 പേരും ചടങ്ങിനെത്തും.
ബിജെപി എംഎൽഎമാരുടെ യോഗത്തിൽ ഏകകണ്ഠമായാണു ഫഡ്നാവിസിനെ നേതാവായി തിരഞ്ഞെടുത്തത്. പിന്നാലെ, ഏക്നാഥ് ഷിൻഡെ, അജിത് പവാർ എന്നിവർക്കൊപ്പം ഗവർണറെ സന്ദർശിച്ച് സർക്കാർ രൂപീകരിക്കാൻ ഫഡ്നാവിസ് അവകാശം ഉന്നയിച്ചു. മുഖ്യമന്ത്രിപദം സാങ്കേതികം മാത്രമാണെന്നും മൂന്നു പേരും ചേർന്നായിരിക്കും സർക്കാരിനെ നയിക്കുകയെന്നും ഫഡ്നാവിസ് പറഞ്ഞു. ബിജെപി മുംബൈ ഘടകം അധ്യക്ഷൻ ആശിഷ് ഷേലാർ ചീഫ് വിപ്പാകും. മുഖ്യമന്ത്രി സ്ഥാനമൊഴിയുന്ന ഏക്നാഥ് ഷിൻഡെ (ശിവസേന– ഷിൻഡെ) ആഭ്യന്തര വകുപ്പിനായി സമ്മർദം തുടരുകയാണ്. അജിത് പവാർ (എൻസിപി– അജിത്) ഉപമുഖ്യമന്ത്രി പദവിയിൽ തുടരും.
ഗതാഗത നിയന്ത്രണം
സത്യപ്രതിജ്ഞയുടെ ഭാഗമായി ദക്ഷിണ മുംബൈയിൽ ഇന്ന് ഗതാഗത നിയന്ത്രണമുണ്ടാകും. ആസാദ് മൈതാനത്തേക്കുള്ള റോഡുകളിൽ ഗതാഗതക്കുരുക്കുണ്ടാകുമെന്നത് കണക്കിലെടുത്ത് പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ ട്രാഫിക് വിഭാഗത്തിലെ 280 ഉദ്യോഗസ്ഥർ സുഗമമായ ഗതാഗതം ഉറപ്പാക്കാനുണ്ടാകും. ആസാദ് മൈതാനത്തു പാർക്കിങ് സൗകര്യമില്ലാത്തതിനാൽ പൊതുഗതാഗത സംവിധാനങ്ങൾ, ലോക്കൽ ട്രെയിനുകൾ എന്നിവ ഉപയോഗിക്കാൻ ജനങ്ങളോടു ട്രാഫിക് പൊലീസ് അഭ്യർഥിച്ചു.
സുരക്ഷയ്ക്ക് 4,000
പൊലീസ് സത്യപ്രതിജ്ഞാ ചടങ്ങിനു സുരക്ഷയൊരുക്കാൻ 4000 പൊലീസുകാരെ നിയോഗിച്ചു. 3,500 പൊലീസുകാരെയും 500 ഉദ്യോഗസ്ഥരെയുമാണു വിന്യസിക്കുക. സ്റ്റേറ്റ് റിസർവ് പൊലീസ് ഫോഴ്സ്, ദ്രുതകർമസേന, കലാപ നിയന്ത്രണ സേന, ഡെൽറ്റ, കോംബാറ്റ് ടീമുകൾ, ബോംബ് സ്ക്വാഡ് എന്നിവയിൽ നിന്നുള്ള അംഗങ്ങളും സുരക്ഷാ ഡ്യൂട്ടിയിലുണ്ടാകും.
