പ്രതീകാത്മക ചിത്രം
ന്യൂഡല്‍ഹി : ഡിജിറ്റല്‍ അറസ്റ്റ് തട്ടിപ്പിലൂടെ ഉത്തര്‍പ്രദേശുകാരി മോഡലിന് നഷ്ടമായത് ഒരുലക്ഷത്തോളം രൂപ. മോഡലായ ശിവങ്കിത ദീക്ഷിത്തിനാണ് ഡിജിറ്റല്‍ അറസ്റ്റിലൂടെ 99,000 രൂപ നഷ്ടമായത്. മുന്‍ ഫെമിന മിസ് ഇന്ത്യാ മത്സരാര്‍ത്ഥി കൂടിയാണ് ശിവങ്കിത ദീക്ഷിത്.
സി.ബി.ഐ ഉദ്യോഗസ്ഥരെന്ന് പരിചയപ്പെടുത്തിയാണ് തട്ടിപ്പുകാര്‍ മോഡലിനെ സമീപിക്കുന്നത്. മനുഷ്യക്കടത്ത്, ലഹരിമരുന്ന് കടത്ത് എന്നിവയില്‍ ശിവങ്കിതയുടെ പേരില്‍ കേസുകളുണ്ടെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് ഡിജിറ്റല്‍ അറസ്റ്റിന് ശിവങ്കിതയെ വിധേയമാക്കി. കേസില്‍ നിന്ന് ഒഴിവാക്കണമെങ്കില്‍ 99,000 രൂപ നല്‍കാനും സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടു. ഈ തുക ശിവങ്കിത നല്‍കി. ഒടുവില്‍ കുടുംബത്തോട് കാര്യം പറഞ്ഞപ്പോഴാണ് താന്‍ തട്ടിപ്പിന് വിധേയമാവുകയായിരുന്നുവെന്ന സത്യം ശിവങ്കിത അറിയുന്നത്. കേസില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതിനുശേഷം അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് പ്രതികരിച്ചു.
