പ്രതീകാത്മക ചിത്രം

ബെംഗളൂരു ∙ ഇ കൊമേഴ്സ് ആപ് മീഷോയിൽ വ്യാജ അക്കൗണ്ട് നിർമിച്ച് 5.5 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ 3 പേരെ ഗുജറാത്തിൽ നിന്ന് ബെംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്ത് സ്വദേശികളാണ് പിടിയിലായത്. 25 ലക്ഷം രൂപ ഇവരിൽ നിന്ന് പിടിച്ചെടുത്തു.

സൂറത്ത് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഓം സായി ഫാഷൻ എന്ന കമ്പനിയുടെ മറവിലാണ് പ്രതികൾ തട്ടിപ്പു നടത്തിയത്. ആപ്പിൽ വ്യാജ അഡ്രസുകൾ നൽകി ഇവർ ഒട്ടേറെ അക്കൗണ്ടുകളുണ്ടാക്കി ശേഷം ഓംസായി ഫാഷന്റെ വിവിധ തുണിത്തരങ്ങൾ ഓർഡർ ചെയ്തു. കേടുപാടുകൾ സംഭവിച്ച തുണിത്തരങ്ങൾ വിതരണത്തിനായി കൈമാറി. എന്നാൽ നിലവിലില്ലാത്ത അഡ്രസുകളായതിനാൽ ഇവ തിരിച്ചെത്തി.

തിരിച്ചെത്തിയ തുണിത്തരങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി വിഡിയോ ചിത്രീകരിച്ച് ഇ കൊമേഴ്സ് കമ്പനിയിൽ നിന്നും പണം തട്ടുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ മീഷോ ബെംഗളൂരു സൈബർ ക്രൈം പൊലീസിനു പരാതി നൽകി.