മമ്ത, നരേഷ് ഭട്ട് | Photo Courtesy: x.com/fox5dc
ന്യൂയോര്‍ക്ക് : യു.എസില്‍ നാലുമാസം മുന്‍പ് കാണാതായ യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തല്‍. വെര്‍ജീനിയ മനാസ്സസ് പാര്‍ക്കില്‍ താമസിച്ചിരുന്ന നേപ്പാള്‍ സ്വദേശിനിയായ മമ്ത കാഫ്‌ലെ ഭട്ടി(28)നെ ഭര്‍ത്താവ് നരേഷ് ഭട്ട്(33) കൊലപ്പെടുത്തിയെന്നാണ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. സംഭവത്തില്‍ അറസ്റ്റിലായ നരേഷ് ഭട്ടിനെതിരേ കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തി.
അതേസമയം, യുവതിയുടെ മൃതദേഹം ഇതുവരെ കണ്ടെടുക്കാനായിട്ടില്ല. യുവതിയെ ഭര്‍ത്താവ് കൊലപ്പെടുത്തിയതാണെന്ന് ശാസ്ത്രീയ തെളിവുകളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് അന്വേഷണസംഘം കണ്ടെത്തിയത്. മൃതദേഹം ഒളിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്‌തെന്നാണ് പോലീസിന്റെ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പ്രതിയെ അറസ്റ്റ് ചെയ്ത് കൊലക്കുറ്റം ഉള്‍പ്പെടെ ചുമത്തിയത്.
ജൂലായ് 29-ാം തീയതി മുതലാണ് മമ്തയെ കാണാതായതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍, ഓഗസ്റ്റ് അഞ്ചാം തീയതിയാണ് ഇതുസംബന്ധിച്ച് പരാതി ലഭിച്ചത്. ഏതാനും ദിവസങ്ങളായി യുവതി ജോലിക്ക് വരാത്തതിനാല്‍ അധികൃതര്‍ക്ക് വിവരം ലഭിക്കുകയും ഇവര്‍ വീട്ടിലെത്തി അന്വേഷണം നടത്തുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് യുവതി കൊല്ലപ്പെട്ടതാണെന്ന നിഗമനത്തിലെത്തിയത്. ഭര്‍ത്താവായ നരേഷ് ഭട്ടിനെതിരേ ശക്തമായ പല തെളിവുകളും പോലീസിന് ലഭിച്ചിരുന്നു.
പോലീസ് അന്വേഷിച്ചെത്തിയപ്പോള്‍ ഭാര്യയുടെ തിരോധാനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നല്‍കാന്‍ നരേഷിന് കഴിഞ്ഞിരുന്നില്ല. മാത്രമല്ല, ഭാര്യയെ കാണാതായ വിവരമറിയിക്കാന്‍ വൈകിയതിലും സംശയമുയര്‍ന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് നരേഷിനെതിരേ സുപ്രധാന തെളിവുകള്‍ കിട്ടിയത്. അതേസമയം, തങ്ങളുടെ വിവാഹമോചന നടപടികള്‍ പുരോഗമിക്കുകയാണെന്നും അതിനിടെയാണ് ഭാര്യയുടെ തിരോധാനം സംഭവിച്ചതെന്നുമായിരുന്നു പ്രതിയുടെ മറുപടി.
നരേഷിന്റെ ഗൂഗിള്‍ സെര്‍ച്ച് ഹിസ്റ്ററി മുതല്‍ ഇയാള്‍ കത്തികള്‍ വാങ്ങിയതുവരെ കേസില്‍ നിര്‍ണായക തെളിവുകളായിരുന്നു. ഭാര്യയുടെ മരണത്തിനു ശേഷമുള്ള പല കാര്യങ്ങളുമാണ് ഇയാള്‍ ഇന്റര്‍നെറ്റില്‍ തിരഞ്ഞിരുന്നത്. ‘ഭാര്യ മരിച്ചതിന് ശേഷം വീണ്ടും വിവാഹം കഴിക്കാന്‍ എത്ര സമയമെടുക്കും’, ‘ഭാര്യയുടെ മരണശേഷം നിലവിലുള്ള സാമ്പത്തികബാധ്യതകള്‍ക്ക് എന്ത് സംഭവിക്കും’, ‘വെര്‍ജീനിയയില്‍നിന്ന് പങ്കാളിയെ കാണാതായാല്‍ എന്താണ് സംഭവിക്കുക’ തുടങ്ങിയവയാണ് നരേഷ് ഗൂഗിളില്‍ തിരഞ്ഞത്.
ഇതിനിടെ, നരേഷ് ഭട്ട് നേരത്തെ വാള്‍മാര്‍ട്ടില്‍നിന്ന് മൂന്ന് കത്തികള്‍ വാങ്ങിയതിന്റെ തെളിവും പോലീസിന് ലഭിച്ചു. എന്നാല്‍, ഇതില്‍ രണ്ട് കത്തികള്‍ കണ്ടെടുക്കാനായില്ല. മാത്രമല്ല, കത്തി വാങ്ങിയതിന്റെ പിറ്റേദിവസം നരേഷ് ഭട്ട് വാള്‍മാര്‍ട്ടില്‍നിന്ന് വീട് വൃത്തിയാക്കുന്ന സാധനങ്ങള്‍ വാങ്ങിയതിന്റെയും തെളിവ് പോലീസ് കണ്ടെടുത്തിരുന്നു.
ഭാര്യയുടെ തിരോധാനത്തിന് പിന്നാലെ നരേഷ് ഭട്ട് കുളിമുറിയിലെ ഒരു ചവിട്ടിയും ചില ബാഗുകളും ഉപേക്ഷിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇതില്‍ ചവിട്ടിയില്‍ രക്തക്കറയുണ്ടായിരുന്നു. പോലീസ് നടത്തിയ ഡി.എന്‍.എ. പരിശോധനയില്‍ ഇത് മമ്തയുടെ രക്തമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെയാണ് ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഓഗസ്റ്റ് 22-ന് പോലീസ് നരേഷ് ഭട്ടിനെ അറസ്റ്റ് ചെയ്തത്.
പ്രതിയായ നരേഷ് ഭട്ട് ഭാര്യയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറുക്കി ഉപേക്ഷിച്ചെന്നാണ് നിലവില്‍ പോലീസിന്റെ കണ്ടെത്തല്‍. അതേസമയം, മമ്ത കൊല്ലപ്പെട്ടിട്ടില്ലെന്നും യുവതി ഇപ്പോഴും ജീവനോടെയുണ്ടെന്നുമായിരുന്നു നരേഷിന്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്.
