1)വഞ്ചിനാട്–പള്ളിക്കവല റോഡിൽ അപകടമായ വിധത്തിൽ സ്ഥാപിച്ച തടിക്കഷണവും കല്ലുകളും. 2) പരുക്കേറ്റ അഡ്വ.ഹമീദ് ഷബ്ലൻ.(ഇൻസൈറ്റിൽ)
പെരുമ്പാവൂർ ∙ കുഴിയടച്ച റോഡിൽ മുന്നറിയിപ്പു ബോർഡില്ലാതെ സ്ഥാപിച്ച കല്ലിലും മരക്കഷണത്തിലും തട്ടി ബൈക്ക് യാത്രികനായ യുവ അഭിഭാഷകൻ വീണു പരുക്കേറ്റു. സംഭവത്തിൽ കരാറുകാരനെതിരെ പൊലീസ് കേസെടുത്തു. മുടിക്കൽ പള്ളിക്കലവ പറമ്പി വീട്ടിൽ അഡ്വ.ഹമീദ് ഷബ്ലന്റെ പരാതിയിലാണ് കേസ്. ഡിസംബർ ഒന്നിന് രാത്രി 7.30ന് വഞ്ചിനാട്–പളളിക്കവല റോഡിലാണ് സംഭവം. കോൺക്രീറ്റ് ഉപയോഗിച്ച് കുഴിയടച്ച ശേഷം ഇവിടേക്ക് വാഹനങ്ങൾ പ്രവേശിക്കാതിരിക്കാൻ കല്ലും തടിക്കഷണങ്ങളും വച്ചു തടസ്സം സൃഷ്ടിച്ചിരുന്നു. എന്നാൽ മുന്നറിയിപ്പ് ബോർഡ് ഉണ്ടായിരുന്നില്ല.
കല്ലിലും തടിക്കഷണത്തിലും തട്ടിയാണ് ഹമീദ് ബൈക്കിൽ നിന്നു വീണത്. നെറ്റിയിലും കയ്യിലും പരുക്കേറ്റു. ഇവിടെ തുന്നലിടേണ്ടി വന്നു. നാട്ടുകാരാണ് പെരുമ്പാവൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൈകിട്ട് പെരുമ്പാവൂർ ഭാഗത്തേക്കു വരുമ്പോൾ ഇവിടെ തടസ്സങ്ങളുണ്ടായിരുന്നില്ലെന്നു ഹമീദ് പറഞ്ഞു. രാത്രി വെളിച്ചമോ റിഫ്ലക്ടറുകളോ ഇല്ലായിരുന്നു. കരാറുകാരന്റെയും പൊതുമരാമത്ത് വകുപ്പിന്റെയും അനാസ്ഥയാണ് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.
