സുഖ്ബീർ സിങ് ബാദലിനു നേരെ വെടിയുതിർക്കാൻ ശ്രമിച്ചയാളെ സമീപത്തുണ്ടായിരുന്നവർ തടയുന്നു. സുവർണ ക്ഷേത്ര കവാടത്തിൽ ഇരിക്കുന്ന ബാദലിനെയും (ഇടതുവശത്ത്) കാണാം. Video grab / PTI

അമൃത്സർ ∙ അകാലിദൾ നേതാവും പഞ്ചാബ് മുൻ ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിങ് ബാദലിന് നേരെ വധശ്രമം. അമൃത്സറിലെ സുവർണക്ഷേത്രത്തിൽ വച്ച് അദ്ദേഹത്തിന് നേരെ വെടിവയ്പ്പുണ്ടായി. ക്ഷേത്ര കവാടത്തിൽ വച്ചാണ് വെടിവയ്പ്പുണ്ടായത്. സുഖ്ബീറിന് പരുക്കേറ്റിട്ടില്ലെന്നാണ് വിവരം. അക്രമിയെ ആളുകൾ പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും ചേർന്ന് പിടികൂടി. ശിക്ഷയുടെ ഭാഗമായി സുവർണ ക്ഷേത്രത്തിന് മുന്നിൽ വീൽചെയറിൽ ഇരിക്കുമ്പോഴായിരുന്നു വെടിവയ്പ്. നരെയ്ൻ സിങ് ചൗര എന്നയാളാണ് വെടിവച്ചത്.

സുഖ്ബീര്‍ സിങ് ബാദലിന് സിഖുകാരുടെ പരമോന്നത സംഘടനയായ അകാല്‍ തഖ്ത് ശിക്ഷ വിധിച്ചിരുന്നു. സുവര്‍ണക്ഷേത്രം അടക്കമുള്ള ഗുരുദ്വാരകളിലെ അടുക്കളയും ശുചിമുറികളും വൃത്തിയാക്കണം, രണ്ടുദിവസം കാവല്‍ നില്‍ക്കണം, കഴുത്തില്‍ പ്ലക്കാർഡ് ധരിക്കണം, കൈയില്‍ കുന്തം കരുതണം തുടങ്ങിയവയായിരുന്നു ശിക്ഷ. ബാദലിന്റെ അകാലിദള്‍ മന്ത്രിസഭയില്‍ അംഗങ്ങളായിരുന്നവര്‍ക്കും അകാല്‍ തഖ്ത് ശിക്ഷ പ്രഖ്യാപിച്ചിരുന്നു.

2007- 2017 കാലത്തെ അകാലിദള്‍ സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും മതപരമായ തെറ്റുകളെ മുന്‍നിര്‍ത്തിയാണ് ബാദലിനെ ശിക്ഷിച്ചത്. ശിക്ഷാ വിധികൾ ഉണ്ടാതിനു പിന്നാലേ സുഖ്ബീര്‍ സിങ് ബാദല്‍ ശിരോമണി അകാലിദള്‍ അധ്യക്ഷസ്ഥാനം രാജിവച്ചിരുന്നു. ബബ്ബർ ഖൽസ ഇന്റർനാഷനൽ (ബികെഐ) എന്ന തീവ്രവാദ സംഘടനയിലെ അംഗമായിരുന്നു നരെയ്ൻ സിങ് ചൗര. 1984ൽ പാക്കിസ്ഥാനിലേക്ക് കടന്ന ചൗര പഞ്ചാബിലേക്ക് വൻതോതിൽ ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കടത്തുന്നതിൽ പ്രധാന പങ്കുവഹിച്ചതായി ദേശീയ മാധ്യമങ്ങൾ‌ റിപ്പോർട്ട് ചെയ്യുന്നു. ബുറൈൽ ജയിൽ ചാടിയ കേസിലും ഇയാൾ പ്രതിയായിരുന്നു. നേരത്തെ പഞ്ചാബിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.