പ്രതീകാത്മക ചിത്രം

കൊല്ലം : മൈലാപൂരിൽ സുഹൃത്തുക്കൾ പെട്രോളൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. ഉമയനല്ലൂർ സ്വദേശിയായ റിയാസാണ്(36) മരിച്ചത്. അറുപത്തിയഞ്ചു ശതമാനം പൊള്ളലേറ്റ റിയാസ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കേയാണ് മരിച്ചത്. സുഹൃത്തുക്കളിൽ നിന്ന് കടമായി വാങ്ങിയ ഇരുപതിനായിരം രൂപ തിരികെ നൽകാത്തതിന്റെ പേരിലാണ് റിയാസിനെ പൊടോളൊഴിച്ച് തീകൊളുത്തിയത്.

നവംബർ ഇരുപത്തിയാറിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മരിച്ച റിയാസ് സുഹൃത്തുക്കളായ തുഫൈൽ, ഷഫീഖ് എന്നിവരിൽ നിന്നാണ് ഇരുപതിനായിരം രൂപ കടംവാങ്ങിയത്. പണം തിരിച്ചുകൊടുക്കാത്തതിന്റെ പേരിൽ സുഹൃത്തുക്കൾ തന്നെ ഭീഷണിപ്പെടുത്തിയിരുന്നു എന്ന് റിയാസ് പറഞ്ഞിരുന്നു. ഇതിനുപിന്നാലെ കുറച്ചുനാളുകളായി റിയാസ് സ്ഥലത്തുണ്ടായിരുന്നില്ല. വിവിധ ആരാധനാലയങ്ങളിൽ പോയി റിയാസ് തിരികെയെത്തിയ ദിവസം സുഹൃത്തുക്കള്‍ ചേർന്ന് അപായപ്പെടുത്തുകയായിരുന്നു.

റിയാസിനെ ഓട്ടോയിൽ കയറ്റിക്കൊണ്ടുപോവുകയും തർക്കങ്ങൾക്കൊടുവിൽ തീകൊളുത്തുന്ന ദൃശ്യവുമാണ് പുറത്തുവന്നത്. അന്നുതന്നെ റിയാസിന്റെ മൊഴി പോലീസ് രേഖപ്പെടുത്തി. തുഫൈലും ഷഫീഖും ചേർന്ന് തന്നെ പെട്രോളൊഴിച്ച് തീകൊളുത്തിയതാണെന്നാണ് റിയാസ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. റിയാസും സുഹൃത്തുക്കളും തമ്മിൽ തർക്കങ്ങളുണ്ടായിരുന്നുവെന്ന് ഓട്ടോറിക്ഷ ഡ്രൈവറും മൊഴി നൽകിയിട്ടുണ്ട്.