photo:X/@IndianBackchod

ഉത്തർപ്രദേശ് : മഹീന്ദ്ര ഥാർ എസ്.യു.വിയുടെ മുകളിൽ മണ്ണുകയറ്റി റോഡിലൂടെ അഭ്യാസപ്രകടനം നടത്തുന്ന വീഡിയോ സമൂഹികമാധ്യങ്ങളിൽ വൈറൽ. ഉത്തർപ്രദേശിലാണ് സംഭവം. മുണ്ഡലി ​ഗ്രാമത്തിലെ ഇന്ദെസാർ അലി എന്നയാളാണ് അപകടകരമായ രീതിയിൽ വാഹനം ഓടിച്ചത്.

എസ്.യു.വിയുടെ റൂഫിലേക്ക് ഇയാൾ മൺവെട്ടികൊണ്ട് മണ്ണ് കയറ്റി ഇടുന്നതാണ് വീഡിയോയുടെ തുടക്കം. പിന്നീട് വാഹനവുമായി ഇയാൾ അമിതവേ​ഗതത്തിൽ റോഡിലൂടെ പോകുന്നതും റൂഫിലെ മണ്ണ് പറക്കുന്നതും ദൃശ്യങ്ങളിലുണ്ട്. മറ്റു യാത്രക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതും കാണാം. നിരവധി വാഹനങ്ങളാണ് ഈ സമയം റോഡിലുണ്ടായിരുന്നത്.

അഭ്യാസത്തിന്റെ വീഡിയോ വൈറലായതോടെ നിരവധി പേരാണ് സാമൂഹിക മാധ്യമങ്ങളിലടക്കം വിമർശനവുമായി എത്തിയത്. ദൃശ്യങ്ങളിൽനിന്ന് വാഹനം തിരിച്ചറിഞ്ഞ മീറത്ത് പോലീസ്, എസ്.യു.വിയും ഡ്രൈവറേയും പിന്നീട് കസ്റ്റഡിയിലെടുത്തു. അഭ്യാസം നടത്തിയയാളെ പിടികൂടിയ വിവരം പോലീസ് തന്നെയാണ് എക്സിൽ പങ്കുവെച്ചത്.