തായ്‌ലാൻഡിൽനിന്ന് കടത്തിക്കൊണ്ടുവന്ന പക്ഷികൾ
നെടുമ്പാശ്ശേരി : തായ്ലാന്‍ഡില്‍നിന്നും കൊച്ചി വിമാനത്താവളംവഴി പക്ഷികളെ കടത്താന്‍ ശ്രമിച്ച അമ്മയും മകനും പിടിയില്‍. തിങ്കളാഴ്ച പുലര്‍ച്ചെ തായ് എയര്‍വേയ്സില്‍ തായ്ലാന്‍ഡില്‍ നിന്നെത്തിയ തിരുവനന്തപുരം പാച്ചല്ലൂര്‍ സ്വദേശിനി ബിന്ദുമോള്‍ (47), ശരത് (24) എന്നിവരില്‍നിന്നാണ് കസ്റ്റംസ് ലക്ഷങ്ങള്‍ വിലവരുന്ന പക്ഷികളെ പിടികൂടിയത്.
ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബാഗേജുകള്‍ വിശദമായി പരിശോധിച്ചപ്പോള്‍ ഇതിനുള്ളില്‍ നിന്നും ചിറകടിശബ്ദം കേട്ടു. ബാഗേജുകള്‍ തുറന്നുനോക്കിയപ്പോഴാണ് വേഴാമ്പല്‍ ഉള്‍പ്പെടെ വംശനാശം നേരിടുന്ന അപൂര്‍വം ഇനത്തില്‍പെട്ട 14 പക്ഷികളെ കണ്ടെത്തിയത്.
പെട്ടികളിലാക്കിയാണ് പക്ഷികളെ ബാഗേജില്‍ ഒളിപ്പിച്ചിരുന്നത്. വിദഗ്ധ പരിശോധനകള്‍ക്കും തുടര്‍നടപടികള്‍ക്കുമായി വനംവകുപ്പിന് പക്ഷികളെയും യാത്രക്കാരെയും കൈമാറി. കൊച്ചി കസ്റ്റംസും വനംവകുപ്പും ചേര്‍ന്നായിരിക്കും തുടരന്വേഷണം നടത്തുക. നാലിനത്തില്‍ പെട്ട പക്ഷികളെയാണ് കൊണ്ടുവന്നത്. 25,000 മുതല്‍ രണ്ടുലക്ഷം രൂപവരെ വിലയുള്ള പക്ഷികളാണിവ. വിദേശത്തുനിന്ന് ആവശ്യമായ രേഖകളും മുന്‍കൂര്‍ അനുമതിയുമില്ലാതെ പക്ഷികളെ കടത്തിയാല്‍ മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. 75,000 രൂപ പ്രതിഫലത്തിന് വേണ്ടിയാണ് പക്ഷികളെ കടത്തിക്കൊണ്ടുവന്നതെന്നാണ് ഇവരുടെ മൊഴി. നടപടികക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം പക്ഷികളെ തായ്ലാന്‍ഡിലേക്ക് തിരിച്ചയക്കും. ഡി.എഫ്.ഒ.യുടെ സാന്നിധ്യത്തില്‍ മൊഴിയെടുത്തശേഷം ഇരുവരെയും പെരുമ്പാവൂര്‍ കോടതിയില്‍ ഹാജരാക്കി. കാലടി റെയ്ഞ്ച് ഓഫീസര്‍ അജിത്ത്കുമാറാണ് കേസ് അന്വേഷിക്കുന്നത്.
പക്ഷിക്കടത്തിനുപിന്നില്‍ കോഴിക്കോട് സ്വദേശി കണ്ണന്‍
നെടുമ്പാശ്ശേരി : കേരളത്തിലേക്കുള്ള പക്ഷിക്കടത്തിനുപിന്നില്‍ കോഴിക്കോട് സ്വദേശി കണ്ണനെന്ന് സൂചന. ബിന്ദുവിനും മകന്‍ ശരത്തിനും തായ്ലാന്‍ഡിലേക്ക് മടക്കയാത്ര ഉള്‍പ്പെടെയുള്ള ടിക്കറ്റും താമസ സൗകര്യവുമെല്ലാം ഏര്‍പ്പാടാക്കിയത് കണ്ണനാണെന്നാണ് ഇവര്‍ മൊഴി നല്‍കിയിരിക്കുന്നത്. ഇരുവരും ബാങ്കോക്കില്‍ 10 ദിവസം തങ്ങി. കണ്ണന്റെ സുഹൃത്താണ് ബാങ്കോക്കില്‍ ഇവര്‍ക്ക് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തത്.
തിരിച്ചുപോരുന്ന സമയത്ത് ഈ സുഹൃത്ത് രണ്ട് ബാഗുകള്‍ ഇവരെ ഏല്‍പ്പിച്ചു. ബാഗേജില്‍ ചോക്ലേറ്റുകളാണെന്നും ഒരു ബാഗില്‍ ഒരു പക്ഷിയുണ്ടെന്നും പറഞ്ഞു. കൊച്ചി വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ഒരാള്‍ അരികിലെത്തുമെന്നും അയാള്‍ക്ക് ബാഗുകള്‍ കൈമാറണമെന്നും നിര്‍ദേശിച്ചു. ബിന്ദുവും ശരത്തിനും ആര്‍ട്ടിസ്റ്റുകള്‍ക്ക് ഡെക്കറേഷനുവേണ്ട സാധനങ്ങളും സൗണ്ട് സിസ്റ്റവും ഏര്‍പ്പാടാക്കിക്കൊടുക്കുന്ന ബിസിനസാണ്. ഇതുമായി ബന്ധപ്പെട്ട് ഇരുവരും കൊട്ടാരക്കരയില്‍ വാടകയ്ക്ക് താമസിക്കുകയാണ്. കണ്ണനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
