പ്രതീകാത്മക ചിത്രം
കാസർകോട് ∙ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ് അതിശക്തമായ മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ കാസർകോട് ജില്ലയിൽ പ്രഫഷനൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർ കെ.ഇമ്പശേഖർ അവധി പ്രഖ്യാപിച്ചു. ട്യൂഷൻ സെന്ററുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവയ്ക്കും അവധി ബാധകമാണ്. മോഡൽ റസിഡൻഷ്യൽ സ്കൂളുകൾക്ക് അവധി ബാധകമല്ല.

പുനലൂർ–മൂവാറ്റുപുഴ പാതയിൽ ഉദിമൂട് വെളിവയിൽപ്പടിക്ക് സമീപം വീടിന്റെ സംരക്ഷണഭിത്തി ഇടിഞ്ഞു വീണപ്പോൾ
തമിഴ്നാട് നീലഗിരി മേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് പുന്നപ്പുഴയിൽ വെള്ളം ഉയർന്നു. നീലഗിരി വനമേഖലയിലാണ് മഴയുണ്ടായത്. വനത്തിൽനിന്ന് ഉദ്ഭവിച്ച് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന പുന്നപ്പുഴയിൽ മലവെള്ളപ്പാച്ചിൽ കണക്കെ പെട്ടെന്ന് വെള്ളം ഉയരുകയായിരുന്നു. പുഴയിൽ വെള്ളം കൂടിയതോടെ വഴിക്കടവ് വനത്തിനുള്ളിലെ പുഞ്ചക്കൊല്ലി, അളയ്ക്കൽ ആദിവാസി ഊരുകളിലെ കുടുംബങ്ങൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്. പുഴയിൽ ചങ്ങാടം ഉപയോഗിച്ചാണ് ഇവർ മറുകരയിലെത്തുന്നത്. ചങ്ങാടം ഇറക്കുന്ന പുഞ്ചക്കൊല്ലിക്കടവിൽ ശക്തമായ കുത്തൊഴുക്കാണ്. പുഞ്ചക്കൊല്ലിക്കടവിലുണ്ടായിരുന്ന ഇരുമ്പുപാലം 2019 ലെ പ്രളയത്തിൽ തകർന്നതാണ്. 5 വർഷം പിന്നിട്ടിട്ടും പുതിയ പാലം നിർമിക്കാനായിട്ടില്ല.
കനത്ത മഴയിൽ ചങ്ങനാശേരിയിൽ വ്യാപക മടവീഴ്ച. പായിപ്പാട്, കുറിച്ചി കൃഷിഭവൻ പരിധികളിലെ പാടശേഖരങ്ങളിലാണ് മടവീണത്. പുഞ്ചക്കൃഷിക്ക് വിത പൂർത്തിയായി നെല്ല് കിളിർത്ത് തുടങ്ങിയ പാടങ്ങളെല്ലാം വെള്ളത്തിലായി. പായിപ്പാട് പഞ്ചായത്തിലെ കുന്നംപള്ളി, കാപ്പോണപ്പുറം, എട്ട്യാകരി, കാവാലിക്കരി, പൂവത്ത് തൊള്ളായിരം, പൂവത്ത് കിഴക്ക്, മൂല ആലഞ്ചേരി, കൈപ്പുഴാക്കൽ, നക്രാപുതുവൽ തുടങ്ങിയ ഭാഗങ്ങളിലെ 1500ലധികം ഏക്കർ കൃഷി വെള്ളത്തിലായി. കാപ്പോണപ്പുറം ഭാഗത്ത് 4 ഇടങ്ങളിലാണ് മടവീണത്. കുറിച്ചി പഞ്ചായത്തിലെ കരിക്കണ്ടം പാടശേഖരത്തിലും മടവീണു.
മഴ മുന്നറിയിപ്പിനെ തുടർന്ന് കോഴിക്കോട് ജില്ലാ കലക്ടറുടെ ഉത്തരവ് പ്രകാരം കക്കയം, പെരുവണ്ണാമൂഴി , കരിയാത്തുംപാറ, തോണിക്കടവ് ടൂറിസ്റ്റ് കേന്ദ്രങ്ങൾ 12 മണിക്ക് അടച്ചു. രാവിലെ ടൂറിസ്റ്റ് കേന്ദ്രങ്ങൾ തുറന്നിരുന്നു. രാവിലെ 11.30 നാണ് കലക്ടറുടെ ഉത്തരവ് ടൂറിസ്റ്റ് കേന്ദ്രം അധികൃതർക്ക് ലഭിച്ചത്.
