ചെന്നൈ വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനം നടത്തിയ അതിസാഹസിക ലാന്റിങ് (Video Grab : @airwaysmagazine/x)

ചെന്നൈ ∙ ഫെയ്ഞ്ചൽ ചുഴലിക്കാറ്റിനിടെ ചെന്നൈ രാജ്യാന്തര വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ച വിമാനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങൾ വൈറലാകുന്നു. ശനിയാഴ്ച ഉച്ചയോടെയാണ് ഇൻഡിഗോ വിമാനം ചെന്നൈ വിമാനത്താവളത്തിൽ ലാൻഡിങ്ങിനു ശ്രമിച്ചത്. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം ഇടത്തോട്ട് ചെരിയുകയും പിന്നാലെ പറന്നുയരുകയുമായിരുന്നു.

ഇൻഡിഗോ വിമാനത്തിന്റെ അതിസാഹസിക ലാൻഡിങ്ങിന്റ വിഡിയോ സമുഹമാധ്യമങ്ങളിൽ നിരവധി പേരാണ് പങ്കുവച്ചത്. ശക്തമായ മഴയ്ക്കും കാറ്റിനുമിടയിലായിരുന്നു വിമാനത്തിന്റെ ലാൻഡിങ്. ഈ സമയം ക്രോസ് വിൻഡ് (എതിർ ദിശയിൽ കാറ്റ് വീശുന്ന അവസ്ഥ) സംഭവിച്ചതായാണ് വിലയിരുത്തൽ. ഇതോടെ നിലം തൊട്ട വിമാനം ഇടത്തോട്ട് ചെരിഞ്ഞു.

നിമിഷം നേരം കൊണ്ട് തന്നെ വിമാനം ലാൻഡിങ് ശ്രമം ഉപേക്ഷിച്ച് പറന്നുയർന്നു. പറന്നുയർന്ന വിമാനം അതീവ ദുഷ്കരമായാണ് ടേക്ക് ഓഫ് പ്രക്രിയ നടത്തിയത്. റൺവേയിൽ വെള്ളം തളം കെട്ടി നിന്നിരുന്നതും സ്ഥിതി ദുഷ്കരമാക്കി. ഇതിന് പിന്നാലെ അടച്ച ചെന്നൈ വിമാനത്താവളം ഞായറാഴ്ച പുലർച്ചെയാണ് തുറന്നത്.