രാജീവ്

തിരുവനന്തപുരം : തലയ്ക്ക് അടിയേറ്റ് ചികിത്സയിലായിരുന്ന 40-കാരന്‍ മരിച്ചു. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി ബിജു ആണ് മരിച്ചത്. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം ചെയ്തുനല്‍കണമെന്ന ആവശ്യം നിരസിച്ചതിന്റെ പേരിലാണ് ബിജുവിന് മര്‍ദനമേറ്റത്. ബിജുവിനെ ആക്രമിച്ച രാജീവ് (31) ഇപ്പോള്‍ റിമാന്‍ഡിലാണ്.

നവംബര്‍ പതിനേഴാം തീയതിയാണ് ബിജു ആക്രമിക്കപ്പെട്ടത്. ബിജുവിന്റെ വീട്ടിലെത്തിയ രാജീവ്, അദ്ദേഹത്തിന്റെ മകളെ വിവാഹം ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുമായി ഏറെക്കാലമായി പ്രണയത്തിലാണെന്നും രാജീവ് പറഞ്ഞു. എന്നാല്‍, രാജീവിന്റെ ആവശ്യം ബിജു നിരാകരിച്ചു. മകള്‍ക്ക് പ്രായപൂര്‍ത്തിയായില്ലെന്ന കാര്യവും പറഞ്ഞു.

തുടര്‍ന്ന് ബിജുവും രാജീവും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും ബിജുവിന്റെ തലയില്‍ രാജീവ് കല്ലുകൊണ്ട് ഇടിക്കുകയും ചെയ്തിരുന്നു. പിന്നാലെ, ബോധരഹിതനായ ബിജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെന്റിലേറ്ററില്‍ ആയിരുന്ന ബിജു ശനിയാഴ്ച ഉച്ചയോടെയാണ് മരിച്ചത്.