കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തുന്നു
കൊല്ലം : കരുനാഗപ്പള്ളി ഏരിയാ കമ്മറ്റി ഓഫീസിന് മുന്നിലേക്ക് മാര്‍ച്ച് നടത്തിയ പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയുണ്ടായേക്കും. കഴിഞ്ഞ ദിവസത്തെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന്(ശനിയാഴ്ച) സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം ചേരുകയാണ്. പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ യോഗത്തിനെത്തിയിട്ടുണ്ട്.
പാര്‍ട്ടിക്ക് പലവിധത്തിലും അവമതിപ്പുണ്ടാക്കുന്ന പ്രവര്‍ത്തനമാണ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നതെന്നാണും അവര്‍ക്കെതിരെ നടപടി ഉണ്ടാവണം എന്നുമാണ് ജില്ലാ സെക്രട്ടേറിയേറ്റ് അംഗങ്ങളുടെ ഭൂരിപക്ഷാഭിപ്രായമെന്നാണ് വിവരം. അതേസമയം പ്രതിഷേധക്കാര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന ആവശ്യവും യോഗത്തില്‍ ഉയര്‍ന്നേക്കും.
സംസ്ഥാന സമ്മേളനം അടുത്തിരിക്കെ സമ്മേളനം നടക്കുന്ന ജില്ലയില്‍ ഇത്തരം വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനെ വളരെ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്. അതേസമയം പാര്‍ട്ടിക്ക് ശക്തമായ വേരോട്ടമുള്ള കരുനാഗപ്പള്ളി, കുലശേഖരപുരം എന്നിവിടങ്ങളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ക്കെതിരെയുള്ള നടപടി സംസ്ഥാന സമ്മേളനം, തദ്ദേശ തിരഞ്ഞെടുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് എന്നിവയുടെ പശ്ചാത്തലത്തില്‍ വെല്ലുവിളിയാകുമെന്ന നിരീക്ഷണവുമുണ്ട്.
സിപിഎം കുലശേഖരപുരം ലോക്കല്‍ സമ്മേളനത്തിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് കരുനാഗപ്പള്ളിയില്‍ സിപിഎം വിമതര്‍ പാര്‍ട്ടിയെ സംരക്ഷിക്കണമെന്ന മുദ്രാവാക്യവുമായി പ്രതിഷേധപ്രകടനം നടത്തിയത്. തൊടിയൂര്‍, ആലപ്പാട്, കുലശേഖരപുരം സൗത്ത് ഉള്‍പ്പടെ അഞ്ച് ലോക്കല്‍ കമ്മറ്റിയില്‍ നിന്നുള്ള പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സമ്മേളനത്തില്‍ പുതിയ നേതൃപാനല്‍ അവതരിപ്പിച്ചതിലെ എതിര്‍പ്പാണ് പ്രതിഷേധത്തിനിടയാക്കിയത്. നേതാക്കള്‍ക്കെതിരെ അഴിമതിയും ലൈംഗികാരോപണവും വരെ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
