കാർത്തിക ദേവദാസും അമ്മ ജയശ്രീയും
കൊച്ചി : എറണാകുളം ജില്ലാ കലോത്സവത്തിൽ വിധി പ്രഖ്യാപനം ചോദ്യംചെയ്ത മത്സരാർഥിക്കും അമ്മയ്ക്കും നോട്ടീസ്. ഹയർ സെക്കൻഡറി വിഭാഗം ഭരതനാട്യത്തിന്റെ മത്സരഫലം ചോദ്യം ചെയ്തതിന് മുവാറ്റുപുഴ തര്‍ബിയത്ത് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാർഥിയായ കാർത്തിക ദേവദാസിനും അമ്മയും അതേ സ്കൂളിലെ അധ്യാപികയുമായ ജയശ്രീക്കുമെതിരേയാണ് അച്ചടക്ക ലംഘനത്തിന് നോട്ടീസ് അയച്ചത്. സംഘാടക സമിതി ഓഫീസിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയും സംഘാടക സമിതിയുടെ വര്‍ക്കിങ്ങ് ചെയര്‍മാന്‍ ആയ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ്, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ആയ രായമംഗലം പഞ്ചായത്ത് പ്രസിഡന്‍റ് അടക്കമുള്ള വിവിധ കമ്മിറ്റികളുടെ ചെയര്‍മാന്‍ സ്ഥാനം വഹിക്കുന്ന ജനപ്രതിനിധികളോട് അപമര്യാദയായി പെരുമാറുകയും സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയും ചെയ്തു എന്ന കാരണം കാണിച്ചാണ് നോട്ടീസ് അയച്ചത്.
അനീതി കാണിച്ചത് തങ്ങളോടാണെന്നും മകളോട് ബലപ്രയോഗം നടത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യുന്നത് കണ്ടപ്പോൾ അമ്മ എന്ന രീതിയിലുള്ള പ്രതികരണം മാത്രമാണ് അവിടെ ഉണ്ടായതെന്നുമാണ് ജയശ്രീ പറയുന്നത്. ഭരതനാട്യ മത്സരത്തിൽ രണ്ടാം സ്ഥാനമാണ് കാർത്തികയ്ക്ക് ലഭിച്ചത്. മൂന്ന് ജഡ്ജസിൽ രണ്ട് പേരും കാർത്തികയ്ക്ക് മുഴുവൻ മാർക്കും നൽകിയിരുന്നു. മൂന്നാമത്തെ ജഡ്ജിനോട് മാർക്ക് കുറയാൻ കാരണമെന്തെന്ന് ചോദിച്ചതിന് പിന്നാലെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാവുന്നത്.
“എന്താണ് താൻ കളിച്ചപ്പോൾ വന്ന കുറവെന്നാണ് കാർത്തിക അവരോട് ചോദിച്ചത്. മൂന്നാമത്തെ ജഡ്ജിനോട് സംസാരിക്കുമ്പോഴേക്കും കമ്മിറ്റിക്കാർ വന്ന് കാർത്തികയെയും ആ ജഡ്ജിനെയും ഉൾപ്പെടെ അവിടെ നിന്നും മറ്റൊരു മുറിയിലേക്ക് കൂട്ടിക്കൊണ്ട് പോയി. അമ്മയായ എന്നെ പോലും കൂടെ വരാൻ സമ്മതിച്ചില്ല. താളം തെറ്റി കളിച്ച കുട്ടിക്കായിരുന്നു ഒന്നാം സ്ഥാനം പ്രഖ്യാപിച്ചത്. കയ്യിലേക്ക് നോക്കി കളിച്ചില്ല എന്നതായിരുന്നു കാർത്തികയുടെ മാർക്കിലെ വ്യത്യാസത്തിന് കാരണമായി പറഞ്ഞത്. മറ്റ് രണ്ട് ജഡ്ജസും ഇതിനെതിരേ മൂന്നാമത്തെയാളോട് തർക്കിച്ചിരുന്നു.
തെളിവായി വീഡിയോ കാണിച്ചു തരാൻ ആവശ്യപ്പെടുകയും അതിൽ പാകപ്പിഴ കണ്ടെത്താൻ സാധിക്കാതിരുന്നതോടെ മകളും സംസ്ഥാന തലത്തിൽ മത്സരിക്കാൻ യോഗ്യയാണെന്ന് മൂന്നാമത്തെ ജഡ്ജിനും സമ്മതിക്കേണ്ടി വന്നു. തെറ്റ് പറ്റിയത് തങ്ങൾക്കാണെന്ന് മനസിലായതിന് പിന്നാലെ കമ്മിറ്റിക്കാർ വന്ന് കാർത്തികയെ ബലമായി ആ മുറിയിൽ നിന്ന് പുറത്താക്കി. അവൾ തളർന്നു വീഴുന്നത് കണ്ടാണ് ഞാൻ ഓടി ചെല്ലുന്നത്. എന്റെ കുഞ്ഞിനോട് മോശമായി പെരുമാറിയപ്പോൾ ഉണ്ടായ സ്വാഭാവിക പ്രതികരണം മാത്രമാണ് എന്റെ ഭാഗത്ത് നിന്നും ഉണ്ടായത്. അവർക്ക് ആ പ്രശ്നം അവിടെ തന്നെ തീർക്കാമായിരുന്നു. ഡി.ഡിയെ വിളിച്ച് പ്രശ്നപരിഹാരത്തിന് ശ്രമിക്കാമായിരുന്നു. ഡി.ഡി അപ്പുറത്തെ മുറിയിലുണ്ടായിരുന്നിട്ടും ആ ഭാഗത്തേക്ക് വന്നില്ല. അവരാണ് അവിടെ സംഘർഷാവസ്ഥ സൃഷ്ടിച്ചത്. നിനക്കുള്ള പണി വരുന്നുണ്ട്. സസ്പെൻഷൻ ഓർഡർ വാങ്ങാൻ തയ്യാറായിക്കോളൂ എന്നാണ് ഡിഡിയുടെ ഓഫീസിലെ ഒരു ഉദ്യോഗസ്ഥൻ എന്നോട് പറഞ്ഞത്. മദ്യപിച്ചെത്തിയ ഒരു കമ്മിറ്റിയംഗം എന്നെ പിടിച്ച് തള്ളുകയും ഞാൻ താഴെ വീഴുകയും ചെയ്തു. പലരും മദ്യപിച്ചിരുന്നു അക്കൂട്ടത്തിൽ.
കാർത്തികയെ ഈ പ്രശ്നങ്ങൾ മാനസികമായി ബാധിച്ചിട്ടുണ്ട്. പോയ വർഷം മൂന്ന് ഇനങ്ങളിൽ സംസ്ഥാന തലത്തിലേക്ക് പോയ കുട്ടിയാണ്. നിയമപരമായി മുന്നോട്ട് പോകുവാൻ തന്നെയാണ് തീരുമാനം. ഞങ്ങൾക്ക് നീതി കിട്ടണം. അപ്പീൽ തരില്ലെന്നാണ് ഡിഡിയുടെ നിലപാട്. അപ്പീൽ ഒപ്പിടാതെ വച്ചിരിക്കുകയാണ്. കുട്ടിക്ക് നേരിടേണ്ടി വന്ന മാനസിക ബുദ്ധിമുട്ടിന് ബാലാവകാശ കമ്മീഷനിൽ കേസ് കൊടുക്കുന്നുണ്ട്”. ജയശ്രീ വ്യക്തമാക്കുന്നു.
ഇതുസംബന്ധിച്ച് ആലുവ റൂറൽ എസ്.പിക്കും ജില്ലാ കളക്ടർക്കും ജയശ്രീയും കാർത്തികയും പരാതി നൽകിയിട്ടുണ്ട്. കാർത്തികയ്ക്ക് കലോത്സവത്തിൽ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനവും ഭരതനാട്യത്തിനും മോഹിനിയാട്ടത്തിനും രണ്ടാം സ്ഥാനവുമാണ് ലഭിച്ചത്.
