പ്രതീകാത്മകചിത്രം

ലക്‌നൗ : ലിവിങ് ടുഗെതര്‍ ബന്ധത്തിലായിരുന്ന യുവാവ് യുവതിയെ അമ്മിക്കല്ല് കൊണ്ട് അടിച്ച് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ലക്‌നൗവിലുള്ള ചിന്‍ഹട്ട് മേഖലയില്‍ ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. അഞ്ജലി വാത്മീകി (42) ആണ് മരിച്ചത്. ദേവ (28) എന്നയാളുമായി കഴിഞ്ഞ എട്ടുമാസം ഒരുമിച്ച് താമസിച്ച് വരികയായിരുന്നു. കുറ്റകൃത്യം നടത്തിയതിന് ശേഷം രക്ഷപ്പെട്ട പ്രതി ദേവയ്ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ഭര്‍ത്താവ് സജ്ഞയ് വാത്മീകിയുമായി കഴിഞ്ഞ എട്ടുവര്‍ഷമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു അഞ്ജലി വാത്മീകി. തുടര്‍ന്നാണ് ദേവ എന്നയാളെ അഞ്ജലി പരിചയപ്പെടുന്നതും ഇരുവരും ഒരുമിച്ച് താമസം തുടങ്ങുന്നതും. ഇരുവരും തമ്മില്‍ തര്‍ക്കങ്ങള്‍ നിലനിന്നതായാണ് റിപ്പോര്‍ട്ട്. തര്‍ക്കം ഒടുവില്‍ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു.

തന്റെ ഗ്രാമത്തിലേക്ക് അഞ്ജലിയെ കൊണ്ടുപോകാന്‍ ദേവ ശ്രമിച്ചിരുന്നു. മാറിതാമസിക്കുന്നതിന് മുന്‍പ് നിയമപരമായ വിവാഹം വേണമെന്ന് അഞ്ജലി ആവശ്യപ്പെട്ടു. ഇതാണ് തര്‍ക്കത്തിലും ഒടുവില്‍ കൊലപാതകത്തിലും കലാശിച്ചതെന്നാണ് സൂചന. സംഭവസമയത്ത് അഞ്ജലിയും ദേവയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഒരേ കെട്ടിടത്തില്‍ താമസിക്കുന്ന മറ്റൊരാളാണ് ചോരയില്‍ കുതിര്‍ന്ന് കിടക്കുന്ന അഞ്ജലിയെ കണ്ടെത്തുന്നത്. കെട്ടിട ഉടമയാണ് പോലീസിനെ വിവരമറിയിക്കുന്നത്. തലയ്‌ക്കേറ്റ മാരകമായ മുറിവുകളോടെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് അഞ്ജലിയുട മുന്‍ഭര്‍ത്താവ് പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അഞ്ച് കുട്ടികളുടെ അമ്മയാണ് അഞ്ജലി വാത്മീകി.