സന്ദീപ് വാര്യര്‍

ചെങ്ങന്നൂര്‍ : രാജ്യത്തിന്റെ ഭരണഘടനയെ അവഹേളിക്കുന്നതില്‍ സി.പി.എം., ബി.ജെ.പി. നേതാക്കള്‍ക്ക് ഒരേ സ്വരമാണെന്ന് ബി.ജെ.പി.വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാന്റെ രാജിയാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി മന്ത്രിയുടെ ഓഫീസിലേക്കു നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സന്ദീപ്.

രാഹുല്‍ഗാന്ധി ഭരണഘടനാമൂല്യങ്ങള്‍ സംരക്ഷിക്കാനുള്ള പോരാട്ടത്തിലാണ്. ഇതിന്റെ ഭാഗമായാണ് ത്രിവര്‍ണ പതാക കൈയിലേന്തി കന്യാകുമാരിമുതല്‍ കശ്മീര്‍വരെ ജോഡോ യാത്ര നടത്തിയത്. ഭരണഘടനയെക്കുറിച്ച് തെറ്റായ സന്ദേശം നല്‍കിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷംപോലും അധികാരത്തില്‍ തുടരരുത്. മന്ത്രിയും ചെങ്ങന്നൂരിലെ ബി.ജെ.പി.യും പരസ്പരസഹായ സഹകരണസംഘം പോലെയാണ് പ്രവര്‍ത്തിക്കുന്നതെന്നും സന്ദീപ് ആരോപിച്ചു. ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണ്‍ അധ്യക്ഷനായി.

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘർഷം

യൂത്ത് കോണ്‍ഗ്രസിന്റെ മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായി. ഒരു മണിക്കൂറോളം പോലീസും പ്രവര്‍ത്തകരും തമ്മില്‍ ബലപരീക്ഷണം നടത്തി. പലപ്പോഴും ലാത്തിച്ചാര്‍ജിന്റെ വക്കോളമെത്തി. ഉദ്ഘാടനപ്രസംഗത്തിനുശേഷം ബാരിക്കേഡ് തള്ളിമാറ്റാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ചെറുത്തു. ക്ഷേത്രംറോഡും നടപ്പാതയും ബാരിക്കേഡു വെച്ച് തടഞ്ഞിരുന്നു. പ്രവര്‍ത്തകര്‍ കൊടികള്‍ വലിച്ചെറിഞ്ഞ് പോലീസിനെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ചു. വനിതകളടക്കം നടപ്പാതയിലെ ബാരിക്കേഡ് മറികടന്ന് മുന്നോട്ടുപോകാന്‍ ശ്രമിച്ചപ്പോള്‍ പോലീസുമായി ഉന്തും തള്ളുമുണ്ടായി.

വനിതാ പോലീസുമായി പ്രവര്‍ത്തകര്‍ രൂക്ഷമായ വാക്കേറ്റം നടത്തി. തുടര്‍ന്ന് പോലീസ് പ്രവര്‍ത്തകരെ ബലമായി നീക്കാന്‍ തുടങ്ങി. എം.സി.റോഡ് ഉപരോധിക്കാന്‍ പോകാന്‍ ശ്രമിച്ചവരെ പോലീസ് ബലമായി വാഹനത്തില്‍ കയറ്റി. എന്നാല്‍, വനിതകള്‍ പോലീസ് വാഹനം തടഞ്ഞു. ഇവരെ പിടിച്ചുമാറ്റിയശേഷമാണ് മുന്നോട്ടുപോകാനായത്. തുടര്‍ന്ന് പ്രകടനവുമായി നീങ്ങിയ പ്രവര്‍ത്തകരെ നന്ദാവനം ജങ്ഷനില്‍ വെച്ച് അറസ്റ്റുചെയ്തു നീക്കിയതോടെയാണ് സംഘര്‍ഷത്തിന് അയവുവന്നത്.

സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. അനുതാജ്, ജില്ലാ പ്രസിഡന്റ് എം.പി. പ്രവീണ്‍, മിഥുന്‍ മയൂരം, രാഹുല്‍ കൊഴുവല്ലൂര്‍, അരിതാ ബാബു, രജിന്‍ എസ്. ഉണ്ണിത്താന്‍, സുഹൈര്‍ വള്ളികുന്നം, നൗഫല്‍ ചെമ്പകപ്പള്ളി, അജിമോന്‍ കണ്ടല്ലൂര്‍, വിശാഖ് പത്തിയൂര്‍, ഗംഗാശങ്കര്‍ പ്രകാശ്, അനന്തനാരായണന്‍, എം. ശ്രീക്കുട്ടന്‍, എ.ഡി. തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.