മണിപ്പൂരിലെ ഇംഫാലിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ നഗരത്തിൽ നിലയുറപ്പിച്ച സുരക്ഷാ ഉദ്യോഗസ്ഥർ. ചിത്രം:പിടിഐ
ഇംഫാൽ ∙ മണിപ്പുരിലെ ഇംഫാൽ താഴ്‌വരയിലെ ജില്ലകളിലും ജിരിബാം ജില്ലയിലും വെള്ളിയാഴ്ച സ്കൂളുകൾ തുറന്നു. സംഘർഷത്തെത്തുടർന്ന് അടഞ്ഞുകിടന്ന സ്കൂളുകൾ 13 ദിവസങ്ങൾക്കുശേഷമാണ് തുറന്നത്. ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, ബിഷ്ണുപുർ, കാക്ചിങ്, തൗബാൽ, ജിരിബാൽ ജില്ലകളിലെ സ്കൂളുകൾ തുറക്കാൻ ഡയറക്ടറേറ്റ് ഓഫ് എഡ്യൂക്കേഷൻ സ്കൂൾസ് ആൻഡ് ദി ഹയർ ആൻഡ് ടെക്നിക്കൽ എഡ്യുക്കേഷൻ ഡിപ്പാർട്മെന്റ് ഇന്നലെ ഉത്തരവ് ഇറക്കിയിരുന്നു.
മണിപ്പുരിലും അസമിലുമുള്ള ജിരി, ബരാക് നദികളിൽനിന്നു കാണാതായ മൂന്നു സ്ത്രീകളുടെയും മൂന്നു കുട്ടികളുടെയും മൃതദേഹങ്ങൾ കണ്ടെടുത്ത നവംബർ 16 മുതൽ താഴ്‌വരയിലെ ജില്ലകളിലും സ്കൂളുകൾ അടഞ്ഞുകിടക്കുകയായിരുന്നു. ഈ ജില്ലകളിലെല്ലാം ഇന്ന് പുലർച്ചെ അഞ്ചു മുതൽ വൈകിട്ട് നാലു വരെ കർഫ്യൂവിൽ സംസ്ഥാന സർക്കാർ ഇളവു കൊടുത്തു.
കഴിഞ്ഞ വർഷം മേയ് മുതൽ ആരംഭിച്ച കുക്കി – മെയ്തെയ് സംഘർഷത്തിൽ ഇതുവരെ 250ൽ അധികം പേർ കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്. ആയിരത്തിലധികംപേർ ഭവനരഹിതരായി.
