ധന്യ മേരി വർഗീസ്

തിരുവനന്തപുരം ∙ ഫ്ലാറ്റ് തട്ടിപ്പു കേസില്‍ നടി ധന്യമേരി വര്‍ഗീസിന്റെയും കുടുംബത്തിന്റെയും സ്വത്തുവകകള്‍ കണ്ടുകെട്ടി. പട്ടത്തും പേരൂര്‍ക്കടയിലുമുള്ള 1.56 കോടി രൂപയുടെ സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടിയത്. ഫ്ലാറ്റുകൾ നിര്‍മിച്ചു നല്‍കാമെന്നു വാഗ്ദാനം ചെയ്ത് പലരില്‍ നിന്നായി വന്‍ തുക തട്ടിയെന്ന പരാതിയില്‍ താരത്തിനും സാംസണ്‍ ആന്‍ഡ് സണ്‍സ് ബില്‍ഡേഴ്‌സ് കമ്പനി ഡയറക്ടറും നടനും ധന്യയുടെ ഭര്‍ത്താവുമായ ജോണ്‍ ജേക്കബിനും ജോണിന്റെ സഹോദരന്‍ സാമുവലിനും എതിരെ നിയമനടപടികള്‍ തുടര്‍ന്നു വന്നിരുന്നു. 2016ല്‍ ഇവരെ അറസ്റ്റ് ചെയ്തിരുന്നു.

കേസിലെ മുഖ്യപ്രതിയും കമ്പനി ചെയര്‍മാനുമായ മുട്ടട ജേക്കബ് സാംസണും കേസുമായി ബന്ധപ്പെട്ട് 2016ല്‍ അറസ്റ്റിലായിരുന്നു. 2011 മുതല്‍ നഗരത്തിലെ വിവിധ പ്രോജക്ടുകളിലായി അഞ്ഞൂറോളം ഫ്ലാറ്റുകളും 20 വില്ലകളും രണ്ടു വര്‍ഷത്തിനകം നിര്‍മാണം പൂര്‍ത്തിയാക്കി നല്‍കാമെന്നു വാഗ്ദാനം നല്‍കി പലരില്‍ നിന്നായി 100 കോടി രൂപ തട്ടിച്ചെന്നും അമിത പലിശ നല്‍കാമെന്നു പറഞ്ഞു 30 കോടിയോളം രൂപ തട്ടിച്ചെന്നുമുള്ള പരാതിയിലാണ് കേസ്.

തട്ടിപ്പിനിരയായവര്‍ പൊലീസിനെ സമീപിച്ചതോടെ ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിലും കേരളത്തിലെ ചില രഹസ്യകേന്ദ്രങ്ങളിലും ഒളിവില്‍ പോയ ഇവരെ നാഗര്‍കോവിലിലെ രഹസ്യകേന്ദ്രത്തില്‍നിന്നാണ് പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ഷാരോണ്‍ ഹില്‍സ്, ഓര്‍ക്കിഡ് വാലി, സാങ്ച്വറി, പേള്‍ക്രസ്റ്റ്, സെലേന്‍ അപ്പാര്‍ട്ട്മെന്റ്, നോവ കാസില്‍, മെരിലാന്‍ഡ്, ഗ്രീന്‍കോര്‍ട്ട് യാഡ്, എയ്ഞ്ചല്‍ വുഡ് എന്നീ പദ്ധതികളായിരുന്നു വാഗ്ദാനം നല്‍കിയിരുന്നത്.