ആദിത്യ പണ്ഡിറ്റ്, സൃഷ്ടി തുലി | Photo: X/ Md_Alzamar0

മുംബൈ : മരിച്ചനിലയില്‍ കണ്ടെത്തിയ എയര്‍ഇന്ത്യ പൈലറ്റ് സൃഷ്ടി തുലി നിമിഷങ്ങള്‍ക്ക് മുമ്പ് ആണ്‍സുഹൃത്ത് ആദിത്യ പണ്ഡിറ്റിനെ വീഡിയോ കോള്‍ ചെയ്തിരുന്നതായി വിവരം. മുംബൈ പോലീസിന്റെ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്. പിടിയിലായ ആദിത്യയുടെ ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി അയച്ചു.

തിങ്കളാഴ്ച സൃഷ്ടിയും ആദിത്യയും തമ്മില്‍ വഴക്കുണ്ടായി. ഇതിന് പിന്നാലെ ആദിത്യ ഡല്‍ഹിയിലേക്ക് പോയി. കുറച്ചുദിവസം കൂടെ തന്റെ കൂടെ നില്‍ക്കാന്‍ സൃഷ്ടി ആദിത്യയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇത് ആദിത്യ തള്ളി. പിന്നാലെ ആത്മഹത്യ ചെയ്യുമെന്ന് സൃഷ്ടി ഭീഷണിപ്പെടുത്തി. എന്നിട്ടും ആദിത്യയുടെ മനസ്സുമാറിയില്ല. വീഡിയോ കോള്‍ വിളിച്ച സൃഷ്ടി താന്‍ തൂങ്ങിമരിക്കാന്‍ പോവുകയാമെന്ന് ആദിത്യയോട് പറഞ്ഞെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ആത്മഹത്യചെയ്താല്‍ താനും മരിച്ചുകളയുമെന്ന് ആദിത്യയും ഭീഷണിപ്പെടുത്തി. സൃഷ്ടിയുമായുള്ള ഏതാനും ചാറ്റുകള്‍ ആദിത്യ ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തി. ഡിലീറ്റ് ചെയ്യപ്പെട്ട മെസേജുകള്‍ വീണ്ടെടുക്കാന്‍ പോലീസ് ശ്രമം തുടരുകയാണ്.

സൃഷ്ടിയുടെ മരണത്തിന് മുന്നോടിയായി ഇരുവരും തമ്മില്‍ 10-11 തവണ ഫോണില്‍ സംസാരിച്ചതായി പോലീസ് അന്വേഷണത്തില്‍ മനസിലാക്കി. ഇതിന് പുറമേ സൃഷ്ടിയുടെ ഫോണില്‍ ഏതാനും മിസ്‌കോളുകളുമുണ്ടായിരുന്നു. സൃഷ്ടിയുടെ വീഡിയോകോളിന് പിന്നാലെ അവരുടെ ഫ്‌ളാറ്റിലേക്ക് തിരിച്ച ആദിത്യ, നിരന്തരം ഫോണ്‍ ചെയ്തിരുന്നു. ആത്മഹത്യയില്‍നിന്ന് തടയാനായിരുന്നു തന്റെ ശ്രമമെന്നും ആദിത്യ പോലീസിന് മൊഴി നല്‍കി. സൃഷ്ടിയുടെ ഫ്‌ളാറ്റിന്റെ വാതില്‍ തുറക്കാന്‍ ആദിത്യയെ ഒരുവനിതാ പൈലറ്റ് സഹായിച്ചിരുന്നു. ഇവരേയും പോലീസ് ചോദ്യംചെയ്തുവരികയാണ്.

മുംബൈയിലെ മറോലില്‍ തിങ്കളാഴ്ചയാണ് എയര്‍ഇന്ത്യ പൈലറ്റായ സൃഷ്ടി തുലിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡാറ്റാ കേബിള്‍ കഴുത്തില്‍ കുരുക്കി ആത്മഹത്യചെയ്തുവെന്നാണ് നിഗമനം. അതേസമയം, ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് ആദിത്യയെ അറസ്റ്റുചെയ്തത്.