ഷനാസ്

കൊടകര : സന്ധ്യാസമയത്ത് ബൈക്കില്‍ സഞ്ചരിച്ച് സ്ത്രീകളെ കടന്നുപിടിച്ച് ഉപദ്രവിക്കുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാസുപുരം പാപ്പാളിപ്പാടത്ത് താമസിക്കുന്ന മറ്റത്തൂര്‍കുന്ന് പത്തമടക്കാരന്‍വീട്ടില്‍ ഷനാസ് (31) ആണ് അറസ്റ്റിലായത്. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മറ്റത്തൂര്‍കുന്ന്, ആറ്റപ്പിള്ളി, മൂലംകുടം പരിസരത്തായിരുന്നു ഇയാളുടെ ഉപദ്രവമുണ്ടായത്.

എല്ലാ ദിവസവും ഇരുട്ടുവീണുതുടങ്ങുന്ന സമയത്ത് ബൈക്കില്‍ സഞ്ചരിച്ച്, ജോലി കഴിഞ്ഞും മറ്റും വീട്ടിലേക്ക് നടന്നും സ്‌കൂട്ടറിലും മടങ്ങുന്ന സ്ത്രീകളുടെ പിറകിലൂടെയെത്തി കടന്നുപിടിച്ച് ഒട്ടും പേടിയില്ലാതെ ലാഘവത്തോടെ സഞ്ചരിക്കുന്നതാണ് രീതി. കഴിഞ്ഞ ദിവസം ആക്രമണത്തിനിരയായ യുവതിയുടെ പരാതിയിലാണ് പോലീസ് ഇയാളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.

ഒന്നരക്കൊല്ലമായി ഈ രീതിയില്‍ സ്ത്രീകള്‍ക്കു പുറത്തിറങ്ങാന്‍ പറ്റാത്തവിധത്തില്‍ ഇയാള്‍ സഞ്ചരിക്കാറുണ്ടെന്നും പുറത്തുപറയാന്‍ മടിയുള്ളതിനാല്‍ സ്ത്രീകള്‍ പരാതിയുമായി എത്തിയിട്ടില്ലെന്നും പോലീസ് പറഞ്ഞു. എന്നാല്‍, പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ പല സ്ത്രീകളും കാര്യങ്ങള്‍ വെളിപ്പെടുത്തുകയും വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ വിവരങ്ങള്‍ പങ്കുവെച്ചതായും പോലീസ് പറഞ്ഞു. ചേര്‍ത്തല പോലീസ് സ്റ്റേഷനില്‍ ഷനാസിന്റെ പേരില്‍ ഇതേ വിഷയത്തില്‍ കേസുണ്ട്. ഷനാസിനെ കോടതി റിമാന്‍ഡ് ചെയ്തു.

ഡിവൈ.എസ്.പി. കെ. സുമേഷ്, സി.ഐ. പി.കെ. ദാസ്, എസ്.ഐ. അരിസ്റ്റോട്ടില്‍, എസ്.ഐ. സുരേഷ്, എ.എസ്.ഐ.മാരായ സജു പൗലോസ്, ആഷ്ലിന്‍ ജോണ്‍, ലിജോണ്‍, സി.പി.ഒ. ശ്രീജിത്ത് എന്നിവരുള്‍പ്പെട്ട സംഘമാണ് ഷനാസിനെ അറസ്റ്റ് ചെയ്തത്.