കവർച്ച നടന്ന വളപട്ടണത്തെ വീട്
കണ്ണൂർ : വളപട്ടണത്തെ അരിവ്യാപാരി കെ.പി. അഷറഫിന്റെ പൂട്ടിയിട്ട വീട്ടിലെ കവർച്ചയുടെ അന്വേഷണത്തിൽ പോലീസിന് പിടിവള്ളിയായി സി.സി.ടി.വി. ദൃശ്യം. ചുവന്ന കോളറുള്ള കറുത്ത ടീഷർട്ട് ധരിച്ച് മുഖംമൂടിയണിഞ്ഞയാൾ മുറിക്കുള്ളിലേക്ക് ജനലിലൂടെയുള്ള കാഴ്ച കർട്ടൻ ഉപയോഗിച്ച് മറയ്ക്കുന്ന ദൃശ്യമാണ് അന്വേഷണസംഘത്തിന് കിട്ടിയത്. വെളുത്തുനീണ്ട ശരീരപ്രകൃതിയുള്ള യുവാവാണ് കവർച്ചയ്‌ക്കെത്തിയതെന്നാണ് ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. നെറ്റിയുടെ ഒരു ഭാഗവും തലമുടിയും പുറത്തുകാണാവുന്ന തരത്തിലുള്ള മുഖംമൂടിയാണ് കവർച്ചക്കാരൻ അണിഞ്ഞത്. മുടിയൊഴിഞ്ഞ വലിയ നെറ്റി ദൃശ്യത്തിൽ കൃത്യമായുണ്ട്.
ഗ്ലൗസ് ധരിച്ചിട്ടില്ല. ഇടത് കൈയിൽ വെളുത്ത ഷാൾപോലുള്ള തുണിയും അരമീറ്ററോളം നീളമുള്ള കറുത്ത കമ്പിയോ പൈപ്പോ പോലുള്ള വസ്തുവും ഉണ്ട്. ശബ്ദം പുറത്തുവരാതിരിക്കാൻ കട്ടർ തുണികൂട്ടിപ്പിടിച്ചതാണെന്ന സംശയവും പോലീസിനുണ്ട്.
രാത്രി വെളിച്ചമിട്ടാൽ സുതാര്യമായ ജനൽ ചില്ലിലൂടെ മുറിക്കുള്ളിലെ കാഴ്ച പുറത്ത് കൃത്യമായി കാണാനാകും. കാപ്പിനിറത്തിലുള്ള കട്ടിക്കർട്ടൻ ഉപയോഗിച്ചാണ് പുറത്തേക്കുള്ള കാഴ്ച തടഞ്ഞിരുന്നത്. അത് കൃത്യമായി മനസ്സിലാക്കിയാണ് കവർച്ചക്കാരൻ പെരുമാറുന്നത്. മുറിയിൽ കയറിയയുടൻ ജനലിനരികിലെത്തി വലംകൈകൊണ്ട് കർട്ടൻ മറയ്ക്കുകയായിരുന്നു. പരിചയക്കുറവോ പരിഭ്രമമോ ഇല്ലാതെയാണ് കവർച്ചക്കാരന്റെ മുറിക്കുള്ളിലെ പെരുമാറ്റമെന്നത് അന്വേഷണസംഘത്തിന്റെ ശ്രദ്ധയിലെത്തിയിട്ടുണ്ട്.
വീട്ടിൽനിന്ന് ഒരുകോടി രൂപയും 300-ലേറെ പവൻ സ്വർണ-വജ്രാഭരണങ്ങളുമുൾപ്പെടെ മൂന്നുകോടിയോളം രൂപയുടെ കവർച്ച നടന്നെന്നാണ് പരാതി. കിടപ്പുമുറിയിലെ ലോക്കർ താക്കോൽ ഉപയോഗിച്ച് തുറന്നാണ് കവർച്ച നടത്തിയത്. ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരയിൽ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോൽ മറ്റൊരു അലമാരയിലാണ് വെച്ചിരുന്നത്. തമിഴ്‌നാട് മധുര വിരുത്‌നഗറിൽ വിവാഹത്തിൽ പങ്കെടുക്കാൻ നവംബർ 19-ന് രാവിലെ വീടുപൂട്ടി പോയതായിരുന്നു അഷറഫും കുടുംബവും. ഞായറാഴ്ച രാത്രി 9.15- ഓടെ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്ന വിവരമറിഞ്ഞത്. കുടുംബം യാത്രപോകുന്നതും വീട്ടിൽ പണവും ആഭരണങ്ങളുമുണ്ടെന്നതും കൃത്യമായി മനസ്സിലാക്കിയവരാണ് കവർച്ചയ്ക്ക് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അഷറഫിന്റെ മകൻ അദിനാൻ അഷറഫിന്റെ മൊബൈൽഫോണിൽ വീട്ടിൽനിന്നുള്ള ദൃശ്യങ്ങൾ രാപകൽ പരിശോധിക്കാനുള്ള സൗകര്യവും ഉണ്ടായിരുന്നു. എന്നാൽ, തിരിച്ചെത്തിതിനുശേഷം മാത്രമാണ് അദ്ദേഹം അത് പരിശോധിച്ചത്. ഇത് മോഷണവിവരം അറിയുന്നത് വൈകാൻ ഇടയാക്കി.
