ലിവർപൂളിന്റെ ഗോളാഘോഷം/ എംബാപ്പെയുടെ നിരാശ | Photo: AFP
ആന്‍ഫീല്‍ഡ് : യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ കരുത്തന്‍മാരുടെ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിനെ പരാജയപ്പെടുത്തി ലിവര്‍പൂള്‍. ആന്‍ഫീല്‍ഡില്‍ നടന്ന മത്സരത്തില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കായിരുന്നു ലിവര്‍പൂളിന്റെ വിജയം. അലക്‌സിസ് മാക് അലിസ്റ്ററും കോഡി ഗാക്‌പോയും ലിവര്‍പൂളിനായി ഗോളുകള്‍ നേടി.
സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെ പെനാല്‍റ്റി നഷ്ടപ്പെടുത്തുന്ന കാഴ്ചയ്ക്കും ആരാധകര്‍ സാക്ഷിയായി. ലിവര്‍പൂളിന് അനുകൂലമായി ലഭിച്ച പെനാല്‍റ്റി മുഹമ്മദ് സലായും നഷ്ടപ്പെടുത്തി.
നിലവിലെ ചാമ്പ്യന്‍മാരായ റയല്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഗോള്‍കീപ്പര്‍ തിബോ കോര്‍ട്ടോയുടെ സേവുകളാണ് വലിയ നാണക്കേടില്‍ വീഴാതെ റയലിനെ രക്ഷിച്ചത്. ആദ്യ പകുതിയില്‍ കോര്‍ട്ടോ തടസം സൃഷ്ടിച്ചതോടെ ലിവര്‍പൂളിന്റെ അവസരങ്ങള്‍ ഗോളിലേക്കെത്തിയില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ ലിവര്‍പൂള്‍ ലീഡെടുത്തു. 52-ാം മിനിറ്റില്‍ ബ്രാഡ്‌ലിയുടെ പാസില്‍ നിന്ന് മാക് അലിസ്റ്റര്‍ ലിവര്‍പൂളിനെ മുന്നിലെത്തിച്ചു. തൊട്ടുപിന്നാലെ ഒപ്പമെത്താനുള്ള അവസരം എംബാപ്പെ കളഞ്ഞുകുളിച്ചു. 59-ാം മിനിറ്റില്‍ ആന്‍ഡ്രു റോബര്‍ട്‌സണ്‍, വാസ്‌കസിനെ ഫൗള്‍ ചെയ്തതിന് റയലിന് അനുകൂലമായി പെനാല്‍റ്റി വന്നു. എന്നാല്‍ എംബാപ്പെയുടെ ഷോട്ട് ഗോള്‍കീപ്പര്‍ കെല്ലഹര്‍ തടുത്തിട്ടു.
70-ാം മിനിറ്റില്‍ ലീഡ് ഉയര്‍ത്താനുള്ള അവസരം ലിവര്‍പൂളും പാഴാക്കി. പെനാല്‍റ്റി എടുത്ത സലാ പന്ത് പുറത്തേക്കടിച്ചു കളഞ്ഞു. ആറ് മിനിറ്റുകള്‍ക്കുശേഷം ലിവര്‍പൂള്‍ രണ്ടാം ഗോള്‍ കണ്ടെത്തി. ആന്‍ഡ്രു റോബര്‍ട്‌സണ്‍ന്റെ അസിസ്റ്റില്‍ കോഡി ഗാക്‌പോ ഗോള്‍ നേടി.
ഇതുവരെ ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും വിജയിച്ച ലിവര്‍പൂള്‍ ഒന്നാം സ്ഥാനത്താണ്. 15 പോയിന്റാണ് ലിവര്‍പൂളിനുള്ളത്. അഞ്ചില്‍ മൂന്ന് മത്സരങ്ങളും തോറ്റ റയല്‍ ആറ് പോയിന്റുമായി 24-ാം സ്ഥാനത്താണ്.
കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ സിറ്റിയെ ഫെയ്‌നൂര്‍ദിന്‍ സമനിലയില്‍ തളച്ചിരുന്നു. മൂന്ന് ഗോളിന് ലീഡ് ചെയ്തശേഷമാണ് സിറ്റി സമനില വഴങ്ങിയത്. ഇതിന് പിന്നാലെ സിറ്റിയുടെ പരിശീലകന്‍ പെപ്പ് ഗാര്‍ഡിയോളയുടെ തലയിലും മുഖത്തും നഖങ്ങള്‍കൊണ്ട് മുറിവേറ്റിരുന്നു. സംഭവത്തില്‍ പിന്നീട് മാപ്പ് പറഞ്ഞ പെപ്പ് ആകസ്മികമായി സംഭവിച്ചതാണെന്ന് വ്യക്തമാക്കി. അഞ്ച് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രമുള്ള സിറ്റി 17-ാം സ്ഥാനത്താണ്.
