കൊല്ലപ്പെട്ട മായ, പ്രതിയെന്ന് സംശയിക്കുന്ന ആരവ്
കണ്ണൂർ : ബെംഗളൂരുവിലെ അപാർട്ട്മെന്റിൽ അസംകാരിയായ വ്ലോഗർ മായ ഗൊഗോയെ കൊലപ്പെടുത്തിയ കേസിൽ കർണാടക പോലീസ് തിരയുന്ന തോട്ടട കിഴുന്നയിലെ ആരവ്, കൊല നടത്തിയശേഷം രണ്ടുദിവസം മൃതദേഹത്തിന് മുന്നിൽ പുകവലിച്ചിരുന്നതായി സൂചന. പാറക്കണ്ടിക്കാവിന് സമീപ കക്കറക്കൽ വീട്ടിൽ ആരവ് ഹനോയ് എന്ന ഇരുപത്തൊന്നുകാരൻ ബെംഗളൂരുവിൽ സ്വകാര്യ സ്ഥാപനത്തിൽ സ്റ്റുഡൻസ് കൗൺസലറായി ജോലിചെയ്യുകയായിരുന്നു. കൊലയ്ക്കുശേഷം രണ്ടുദിവസം കഴിഞ്ഞ് ഇന്ദിരാനഗറിലെ അപാർട്ട്‌മെന്റിൽനിന്ന് ടാക്സിയിൽ നഗരകേന്ദ്രമായ മെജസ്റ്റിക്കിൽ എത്തിയ ആരവ് ഫോൺ ഓഫാക്കി മുങ്ങുകയായിരുന്നുവത്രെ. സാമൂഹികമാധ്യമം വഴി പരിചയപ്പെട്ട ആരവും മായയും ആറുമാസമായി അടുപ്പത്തിലായിരുന്നെന്ന് സഹോദരി പോലീസിന് മൊഴി നൽകിയിട്ടുണ്ട്.
സഹോദരിക്കൊപ്പമാണ് മായ ബെംഗളൂരുവിൽ താമസിച്ചിരുന്നത്. ഓഫീസിൽ പാർട്ടിയുള്ളതിനാൽ വെള്ളിയാഴ്ച വീട്ടിൽ വരില്ലെന്ന് അവർ സഹോദരിയെ വിളിച്ചറിയിച്ചിരുന്നു. ശനിയാഴ്ചയും വീട്ടിലേക്ക് വരുന്നില്ലെന്ന് സന്ദേശം അയച്ചിരുന്നു. കൊലനടത്തുകയെന്ന ഉദ്ദേശ്യത്തോടെ ആരവ് കത്തി കരുതിയിരുന്നതായും പ്ലാസ്റ്റിക് കയർ ഓൺലൈൻ വഴി വാങ്ങിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. താമസസ്ഥലത്തുനിന്ന് ആരവ് രക്ഷപ്പെടുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അവസാനമായി യാത്രചെയ്ത കാറിന്റെ വിവരങ്ങളും കിട്ടിയിട്ടുണ്ട്.ഞായറാഴ്ച അർധരാത്രിയിലാണ് കൊലപാതകം നടന്നതെന്നാണ് സൂചന. ചൊവ്വാഴ്ച രാവിലെ എട്ടുമണിയോടെയാണ് ആരവ് അവിടെനിന്ന് ഇറങ്ങിയത്. മറ്റാരും അപാർട്ട്‌മെന്റിലേക്ക് വരുന്നതായി ദൃശ്യങ്ങളിൽ സൂചനയില്ല.
ആരവിനെത്തേടി കർണാടക പോലീസ് കിഴുന്നയിൽ എത്തി. ഇന്ദിരാനഗർ പോലീസ് സ്റ്റേഷനിലെ എസ്.ഐ.യും രണ്ട് പോലീസുകാരും ഉൾപ്പെടെയുള്ള സംഘം ബുധനാഴ്ച രാവിലെ 9.30 ഓടെയാണ് കിഴുന്നയിൽ എത്തിയത്. വീട്ടുകാരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. തുടർന്ന് ചക്കരക്കല്ലിലെ ആരവിന്റെ ബന്ധുവീട്ടിൽ ചെന്ന് അവിടന്നും വിവരങ്ങൾ ശേഖരിച്ചു.
