കണ്ണൂർ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ച് സ്ത്രീയെ നായ കടിക്കുന്നു. സിസിടിവി ദൃശ്യത്തിൽനിന്ന്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ നായ ചത്തു കിടക്കുന്നു

കണ്ണൂർ‌ ∙ കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 15 പേരെ കടിച്ച നായയ്ക്ക് പേവിഷബാധയെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർ‌ട്ട്. സ്റ്റേഷൻ പ്ലാറ്റ്‌ഫോം, പാർക്കിങ് സ്ഥലം, പടിഞ്ഞാറേ കവാടം എന്നിവിടങ്ങളിൽ നിന്നാണു യാത്രക്കാർക്ക് കടിയേറ്റത്. ‌പിന്നീട്, തെരുവു നായകൾ തമ്മിലുള്ള കടികൂടലിനിടെ നായ ചത്തു.

രാവിലെ 9 ന് റെയിൽവേ സ്റ്റേഷനിൽ ശുചീകരണ തൊഴിൽ ചെയ്യുന്ന സ്ത്രീയ്ക്കാണ് ആദ്യം കടിയേറ്റത്. തുടർന്ന് പാസഞ്ചർ ട്രെയിനിൽ പയ്യന്നൂരിൽ നിന്നു വന്ന യാത്രക്കാരനെ ക‌ടിച്ചു. യാത്രക്കാരും റെയിൽവേ സ്റ്റേഷൻ ജീവനക്കാരും ഓടിച്ചു വിട്ട നായ ഉച്ചയോടെ വീണ്ടും റെയിൽവേ സ്റ്റേഷന്റെ പടിഞ്ഞാറേ കവാടത്തിലെ പാർക്കിങ് സ്ഥലത്തെത്തി മുന്നിൽ കണ്ടവരെയൊക്കെ കടിക്കുകയായിരുന്നു. കടിയേറ്റവർ കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.