രാജു | Photo: x.com

ന്യൂഡല്‍ഹി : ഏഴാമത്തെ വയസ്സില്‍, സ്‌കൂളില്‍നിന്ന് വീട്ടിലേക്കുള്ള മടക്കയാത്രയ്ക്കിടെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഒരു ബാലന്‍. ഒടുവില്‍ മുപ്പതുവര്‍ഷത്തിനു ശേഷം അവന്‍ സ്വന്തം കുടുംബത്തിന്റെ തണലിലേക്ക് മടങ്ങിയെത്തി. ഗാസിയാബാദ് സ്വദേശിയായ രാജു(37) ആണ് കഴിഞ്ഞ ദിവസം സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയത്.

സാഹിബാബാദിലായിരുന്നു രാജുവിന്റെ കുടുംബം താമസിച്ചിരുന്നത്. ഇവിടെ നിന്നാണ് 1993 സെപ്റ്റംബര്‍ മാസം എട്ടാം തീയതിയാണ് രാജുവിനെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. സഹോദരിയോടൊപ്പം സ്‌കൂള്‍ വിട്ട് വരുന്നതിനിടെയായിരുന്നു സംഭവം. ഇത് സംബന്ധിച്ച് കുടുംബം പരാതി നല്‍കിയിരുന്നുവെങ്കിലും ഒരു തുമ്പും കിട്ടിയിരുന്നില്ല. തുടര്‍ന്ന് കേസ് എങ്ങുമെത്താതെ അവസാനിക്കുകയും ചെയ്തിരുന്നു.

തട്ടിക്കൊണ്ടുപോയവര്‍ തന്നെ രാജസ്ഥാനിലാണ് എത്തിച്ചതെന്നും ഇത്രയും കാലം ഇവിടെയായിരുന്നു ജീവിച്ചിരുന്നതെന്നും രാജു പ്രതികരിച്ചു. തന്നെ തുടര്‍ച്ചയായി മര്‍ദിച്ചിരുന്നുവെന്നും ശേഷം കഠിനായ ജോലിക്ക് വിടുകയായിരുന്നുവെന്നും രാജു പറഞ്ഞു. പകല്‍ മുഴുവന്‍ ജോലി ചെയ്യിച്ച ശേഷം ഒരു റൊട്ടി മാത്രമാണ് കഴിക്കാന്‍ നല്‍കിയിരുന്നത്. രാത്രിയില്‍ മുറിയില്‍ കെട്ടിയിടുകയും ചെയ്യും. ഇതോടെ രക്ഷപ്പെടാന്‍ സാധ്യമല്ലാതായി തീര്‍ന്നുവെന്നും രാജു പറഞ്ഞു.

ഇതിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ച് പോലീസ് സ്റ്റേഷനിലടക്കം എത്തിയിരുന്നുവെങ്കിലും ഒരു സഹായവും ലഭിച്ചില്ലെന്നും രാജു പറഞ്ഞു. അഞ്ച് ദിവസം മുന്‍പാണ് ഇയാള്‍ ഗാസിയാബാദിലെ ഖോദ പോലീസ് സ്റ്റേഷനിലെത്തിയത്. ഇവിടെ നിന്നും പോലീസുകാര്‍ കുടിക്കാന്‍ വെള്ളവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കിയെന്നും സാമൂഹിക മാധ്യമങ്ങളിലൂടെ വിവരങ്ങള്‍ പങ്കുവെക്കുകയും ചെയ്തെന്നും രാജു ചൂണ്ടിക്കാട്ടി. ഇത് ശ്രദ്ധയില്‍ പെട്ട രാജുവിന്റെ അമ്മാവനാണ് പോലീസ് സ്റ്റേഷനില്‍ എത്തുകയും ഇയാളെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോരുകയും ചെയ്തത്.