പ്രതീകാത്മക ചിത്രം
ജിദ്ദ ∙ ഐപിഎൽ 2025 സീസണിനു മുന്നോടിയായുള്ള മെഗാ താരലേലത്തിന് സൗദിയിലെ ജിദ്ദയിൽ സമാപനം. പ്രായഭേദമെന്യേ ഇന്ത്യൻ പേസ് ബോളർമാർക്ക് വൻ തുക ലഭിച്ചതാണ് രണ്ടാം ദിവസത്തെ താരലേലത്തിലെ ഹൈലൈറ്റ്. ആർസിബി 10.75 കോടി രൂപയ്ക്ക് ടീമിലെത്തിച്ച വെറ്ററൻ താരം ഭുവനേശ്വർ കുമാറാണ് രണ്ടാം ദിനത്തിൽ ഏറ്റവും ഉയർന്ന വില ലഭിച്ച താരം. ദീപക് ചാഹർ (9.25 കോടിക്ക് മുംബൈയിൽ), എട്ടു കോടി വീതം ലഭിച്ച ആകാശ്ദീപ് സിങ് (ലക്നൗ), മുകേഷ് കുമാർ (ഡൽഹി) എന്നിവരും ശ്രദ്ധ നേടി. മാർക്കോ യാൻസനെ 7 കോടി രൂപയ്ക്ക് പഞ്ചാബ് കിങ്സ് വാങ്ങി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാൽ പാണ്ഡ്യയെ 5.75 കോടി രൂപയ്ക്ക് റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിലെടുത്തു. ഐപിഎലിൽ മികച്ച റെക്കോർഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപയ്ക്ക് രാജസ്ഥാൻ സ്വന്തമാക്കി.
കോടികൾ ഒഴുക്കി രണ്ടു ദിവസം നീണ്ടുനിന്ന താരലേലത്തിൽ ഇന്ത്യൻ താരം ഋഷഭ് പന്ത് ഐപിഎൽ ചരിത്രത്തിലെ തന്നെ വിലകൂടിയ താരമായി. എക്കാലത്തെയും ഉയർന്ന തുകയായ 27 കോടി രൂപയ്ക്ക് ലക്നൗ സൂപ്പർ കിങ്സാണ് പന്തിനെ സ്വന്തമാക്കിയത്. 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സും വിളിച്ചെടുത്തു. 23.75 കോടി രൂപ ലഭിച്ച വെങ്കടേഷ് അയ്യരാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ പ്രധാന താരങ്ങളിൽ ഒരാൾ. ആദ്യ റൗണ്ടിൽ പിന്തള്ളപ്പെട്ടു പോയ അജിൻക്യ രഹാനെ (1.5 കോടിക്ക് കൊൽക്കത്തയിൽ), അർജുൻ തെൻഡുൽക്കർ (30 ലക്ഷത്തിന് മുംബൈയിൽ), ദേവ്ദത്ത് പടിക്കൽ (2 കോടിക്ക് ആർസിബിയിൽ) എന്നിവരുടെ തിരിച്ചുവരവും ശ്രദ്ധേയമായി.
മലയാളി താരങ്ങളിൽ 95 ലക്ഷം രൂപയ്ക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് കൂടുതൽ വില ലഭിച്ച താരം. സച്ചിൻ ബേബി (30 ലക്ഷം രൂപയ്ക്ക് സൺറൈസേഴ്സ് ഹൈദരാബാദിൽ), വിഘ്നേഷ് പുത്തൂർ (30 ലക്ഷം രൂപയ്ക്ക് മുംബൈ ഇന്ത്യൻസിൽ) എന്നിവരാണ് ടീമിൽ ഇടം ലഭിച്ച മറ്റു താരങ്ങൾ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്, പേസ് ബോളർ സന്ദീപ് വാരിയർ, സൽമാൻ നിസാർ എന്നീ മലയാളി താരങ്ങളുടെ പേരുകളും ലേലത്തിനു വന്നെങ്കിലും ആരും വാങ്ങിയില്ല. 13 വയസ് മാത്രം പ്രായമുള്ള ബിഹാറുകാരൻ വൈഭവ് സൂര്യവംശിയെ 1.10 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് ടീമിലെത്തിച്ചതും ശ്രദ്ധേയമായി.
ഇന്ത്യയിലെ യുവതാരങ്ങളിൽ ശ്രദ്ധേയനായ സർഫറാസ് ഖാൻ, ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർതാരമായി വാഴ്ത്തിയിരുന്ന പൃഥ്‌വി ഷാ, ഐപിഎൽ ൽ പഞ്ചാബിന്റെ ക്യാപ്റ്റൻ ആയിരുന്ന മായങ്ക് അഗർവാൾ, ഒരുകാലത്ത് വിലയേറിയ ആൾറൗണ്ടർ ആയിരുന്ന ഷർദുൽ താക്കൂർ എന്നിവരെ ആരും വാങ്ങിയില്ല. ഐപിഎൽ ലെ ജനകീയ താരമായിരുന്ന ഓസ്‌ട്രേലിയക്കാരൻ ഡേവിഡ് വാർണറും പൂർണമായും തഴയപ്പെട്ടു.
