നവീൻ ബാബു

കണ്ണൂർ ∙ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ നിർണായക തെളിവുകളായ സിസിടിവി ദൃശ്യങ്ങളും പ്രതിയുടെ കോൾ രേഖകളും നഷ്ടപ്പെടാതെ സൂക്ഷിക്കണമെന്ന് കുടുംബം കോടതിയിൽ. കണ്ണൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടിതിയിലാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജി നൽകിയത്. ഹർജിയിൽ ഡിസംബർ 3ന് കോടതി വിധി പറയും.

പ്രധാനമായും കണ്ണൂർ കലക്ടറേറ്റലെയും റെയിൽവേ സ്റ്റേഷനിലെയും സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. പ്രധാന സാക്ഷി ജില്ലാ കലക്ടർ, പ്രതി പി.പി ദിവ്യ എന്നിവരുടെ കോൾ രേഖകളും സൂക്ഷിക്കണമെന്നും കുടുംബം ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് അന്വേഷണം നീണ്ടു പോകുന്ന ഘട്ടത്തിലാണ് തെളിവുകൾ നശിപ്പിക്കപ്പെടാതിരിക്കാൻ കുടുംബം ഹർജിയുമായി രംഗത്തെത്തിയത്.

അതേസമയം, കേസിൽ പൊലീസ് കോടതിയിൽ സമർപ്പിച്ച അന്വേഷണ പുരോഗതി റിപ്പോർട്ടിൽ തൃപ്തിയില്ലെന്നും നവീൻ ബാബുവിന്റെ കുടുംബം ഹർജിയിൽ അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണം തൃപ്തികരമല്ലെങ്കിൽ സിബിഐ ഉൾപ്പെടെയുള്ള ഏജൻസികളെ കൊണ്ട് കേസ് അന്വേഷിപ്പിക്കുമെന്നാണ് സൂചന.