പ്രതീകാത്മക ചിത്രം
തിരുവനന്തപുരം : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം തടയാന്‍ ശ്രമിച്ച പ്രിന്‍സിപ്പലിനും പി.ടി.എ പ്രസിഡന്റിനും മര്‍ദനം. പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്രിന്‍സിപ്പല്‍ പ്രിയയ്ക്കും പി.ടി.എ പ്രസിഡന്റ് രാഘവലാലിനുമാണ് പരിക്കേറ്റത്. സ്‌കൂളിലെ പ്ലസ് വണ്‍ – പ്ലസ് ടു വിദ്യാര്‍ഥികള്‍ തമ്മിലാണ് ആക്രമം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പ്രിന്‍സിപ്പലിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വിദ്യാര്‍ഥികള്‍ തമ്മില്‍ നേരത്തെ നിലനിന്നിരുന്ന തര്‍ക്കം പരിഹരിക്കാന്‍ പ്രിന്‍സിപ്പലിന്റെയും പി.ടി.എ പ്രസിഡന്റിന്റെയും നേതൃത്വത്തില്‍ ഇവരെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. ഇതിനിടെയാണ് വീണ്ടും ആക്രമണമുണ്ടായത്.
കസേരയെടുത്ത് പരസ്പരം ആക്രമിച്ച വിദ്യാര്‍ഥികളെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ പ്രിന്‍സിപ്പലിന് മൂക്കിനും തലയ്ക്കും പരിക്കേല്‍ക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച പി.ടി.എ പ്രസിഡന്റിനെ വിദ്യാര്‍ഥികള്‍ മര്‍ദിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
