വി.ഡി.സതീശൻ

കൊച്ചി : പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് വോട്ടുകുറഞ്ഞതില്‍ ഏറ്റവും സങ്കടപ്പെടുന്നയാള്‍ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കഴിഞ്ഞതവണ ഇ.ശ്രീധരന് കിട്ടിയ വോട്ടുകളാണ് ഇത്തവണ രാഹുല്‍ മാങ്കൂട്ടത്തിലിന് കിട്ടിയതെന്നും അതെല്ലാം എസ്.ഡി.പി.ഐ.യുടെയും ജമാഅത്തെ ഇസ്ലാമിയുടെയും വോട്ടുകളാണോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

പാലക്കാട്ട് മൂന്നാം സ്ഥാനം നിലനിര്‍ത്തുകയാണ് സി.പി.എം ചെയ്തത്. 2021-നെക്കാള്‍ 900 വോട്ട് കൂടിയെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍, 2021-ന് ശേഷം 15000 വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ട്. അതില്‍ സി.പിഎമ്മിന്റെ വോട്ടില്ലേ. എന്നിട്ടാണ് രാഹുല്‍ എസ്.ഡി.പി.ഐ സഹായത്തോടെ ജയിച്ചതെന്ന് വ്യാപകമായി പ്രചരണം നടത്തുന്നത്.

ബി.ജെ.പിക്കും ഇ.ശ്രീധരനും പോയ വലിയൊരു ശതമാനം വോട്ടാണ് രാഹുലിന് കിട്ടിയത്. ഇ.ശ്രീധരന് പോയ വോട്ട് എസ്.ഡി.പി.ഐ.യുടേതും ജമാഅത്തെ ഇസ്ലാമിയുടേതുമാണോ. സി.പി.എം. പാലക്കാട് ദയനീയമായി മൂന്നാംസ്ഥാനത്തേക്ക് പോയെന്ന് അവര്‍ മനസിലാക്കണം. ചേലക്കരയില്‍ ഭൂരിപക്ഷം കുറഞ്ഞു. 75000 വോട്ട് വയനാട്ടില്‍ കുറഞ്ഞു. എന്നിട്ടും ഭരണവിരുദ്ധ വികാരമില്ലെന്നാണ് പറയുന്നത്. അങ്ങനെ അവര്‍ വിശ്വസിക്കുകയാണെങ്കില്‍ വിശ്വസിച്ചോട്ടെ- സതീശന്‍ പറഞ്ഞു.

കത്ത് വിവാദം, പെട്ടി വിവാദം, പാതിരാ നാടകം, പരസ്യവിവാദം. തുടങ്ങി പാലക്കാട് എന്തെല്ലാമുണ്ടായി. ഞങ്ങളെ വഷളാക്കാന്‍ വേണ്ടി അരഡസന്‍ വിവാദം സി.പി.എം ഞങ്ങള്‍ക്കെതിരേയുണ്ടാക്കി. അതെല്ലാം തിരിച്ചടിച്ചു. രാഹുല്‍ ഒരു എസ്.ഡി.പിഐ നേതാവുമായും കൂടിക്കാഴ്ച നടത്തിയിട്ടില്ല. സ്ഥാനാര്‍ഥി പോകുന്നിടത്ത് പലരും നിന്ന് ഫോട്ടോയെടുത്തിട്ടുണ്ടാകുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.

പിണറായി ജമാഅത്തെ ഇസ്ലാമിക്കെതിരായി ആഞ്ഞടിക്കുകയാണല്ലോ. പിണറായിയും ജമാഅത്തെ ഇസ്ലാമി അമീറും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോ ഞാന്‍ കാണിച്ചുതരാം. മതേതര നിലപാടാണ് കോണ്‍ഗ്രസിനുള്ളത്. തിരഞ്ഞെടുപ്പിന്റെ അവസാനദിവസം സംഘപരിവാറിനെ പോലും നാണം കെടുത്തുന്ന രീതിയില്‍ രണ്ട് പത്രങ്ങളില്‍ മാത്രം പരസ്യം നല്‍കി വര്‍ഗീയത ആളിക്കത്തിച്ചവരാണ് ഇടതുപക്ഷമെന്നും അദ്ദേഹം ആരോപിച്ചു. ചേലക്കരയില്‍ യു.ഡി.എഫിന്റെ പരാജയം താന്‍ ഏറ്റെടുക്കുന്നതായും വി.ഡി. സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചേലക്കരയിലെ പരാജയത്തിന് എനിക്കും ഉത്തരവാദിത്വമുണ്ട്. ആ ഉത്തരവാദിത്വം ഞാന്‍ ഏറ്റെടുക്കുന്നു. പക്ഷേ, അവിടെ സി.പി.എമ്മിന്റെ വോട്ട് ഞങ്ങള്‍ കുറച്ചു. വയനാട് 75,000 വോട്ട് കുറഞ്ഞതിന് ആര്‍ക്കാണ് ഉത്തരവാദിത്വം. വോട്ട് ചെയ്യാന്‍ പോകാതെ സി.പി.എമ്മുകാര്‍ സി.പി.ഐ.യെ പറ്റിച്ചതാണോയെന്നും വി.ഡി സതീശന്‍ ചോദിച്ചു.

ചേലക്കരയിലെ സ്ഥാനാര്‍ഥി നിര്‍ണയം നേതൃത്വത്തിന്റെ തീരുമാനമാണ്. ലോക്സഭയിലേക്ക് ആലപ്പുഴയില്‍ പരാജയപ്പെട്ട ഷാനിമോള്‍ ഉസ്മാന്‍ അരൂരില്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടുണ്ട്. അടുത്ത തവണ ഞങ്ങള്‍ ചേലക്കരയില്‍ ജയിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ രമ്യ ഹരിദാസ് ആര്‍ക്കും പരാതി കൊടുത്തിട്ടില്ല. ചില മാധ്യമങ്ങള്‍ സി.പി.എമ്മുമായി ചേര്‍ന്ന് അജണ്ട സെറ്റ് ചെയ്യുകയാണ്. സന്ദീപ് വാര്യര്‍ ഉപാധികളില്ലാതെയാണ് വന്നത്. ഒരിക്കലും പുറകില്‍നിര്‍ത്തില്ലെന്ന് ഞങ്ങള്‍ വാക്കുകൊടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എനിക്ക് കണ്ടകശനിയാണ്. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ വി.ഡി. സതീശന്‍ രാജിവെക്കേണ്ടിവരുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. അദ്ദേഹം പറഞ്ഞതെല്ലാം ശരിയാണ്, പക്ഷേ, ഇപ്പോള്‍ അത് അദ്ദേഹത്തെയാണ് ബാധിച്ചിരിക്കുന്നതെന്നും വി.ഡി. സതീശന്‍ പറഞ്ഞു.