യശസ്വി ജയ്സ്വാൾ, Photo:AP

പെർത്ത് : ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. മൂന്നാം ദിനം രണ്ടു വിക്കറ്റ് നഷ്ടത്തിൽ 301 റണ്‍സെന്ന നിലയിലാണ് ഇന്ത്യ. സെഞ്ചുറി തികച്ച യശസ്വി ജയ്‌സ്വാളും(157) വിരാട് കൊഹ്ലിയുമാണ് (15 ) ക്രീസിൽ. അര്‍ധ സെഞ്ചുറി നേടിയ കെ.എല്‍ രാഹുലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ആദ്യം നഷ്ടമായത്. ദേവദത്ത് പടിക്കൽ 71 പന്തിൽ 25 റൺസ് എടുത്ത് പുറത്തതായി. നിലവിൽ 358 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കുള്ളത്.

വിക്കറ്റ് നഷ്ടമില്ലാതെ 172 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്കായി ശ്രദ്ധയോടെയാണ് ജയ്‌സ്വാളും രാഹുലും ബാറ്റേന്തിയത്. പത്ത് റണ്‍സ് കൂടി ചേര്‍ത്ത് ജയ്‌സ്വാള്‍ സെഞ്ചുറി നേടി. പിന്നാലെ ഇരുവരും ചേര്‍ന്ന് ടീം സ്‌കോര്‍ 200-കടത്തി. 201-ല്‍ നില്‍ക്കേ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. 77 റണ്‍സെടുത്ത രാഹുലിനെ സ്റ്റാര്‍ക് പുറത്താക്കി. 71 പന്തിൽ 25 റൺസ് എടുത്ത ദേവദത്ത് പടിക്കലിനെ ജോഷ് ഹെയ്‌സൽവുഡ് പുറത്താക്കി.

നിർണായക ഒന്നാമിന്നിങ്‌സ് ലീഡിനൊപ്പം ഓപ്പണർമാർ ഉറച്ചുനിന്ന് പൊരുതി. രണ്ടാം ദിനം പിരിയാത്ത ഓപ്പണിങ് കൂട്ടുകെട്ടിൽ യശസ്വി ജയ്‌സ്വാളും (90) കെ.എൽ. രാഹുലും (62) ചേർന്ന് 172 റൺസ് കൂട്ടിച്ചേർത്തതോടെ, ഇന്ത്യൻ ലീഡ് 200 കടന്നു. ഒന്നാമിന്നിങ്‌സിൽ സന്ദർശകർ 46 റൺസിന്റെ ലീഡാണ് നേടിയത്.

ഓസീസ് ബാറ്റിങ്ങിന്റെ വാലറ്റത്ത് മിച്ചൽ സ്റ്റാർക്കും ജോഷ് ഹേസൽവുഡും ചേർന്ന് നടത്തിയ രക്ഷാപ്രവർത്തനത്തിൽ പിച്ചിൽ പിടിച്ചുനിൽക്കേണ്ടതെന്ന പാഠമുണ്ടായിരുന്നു. അത് ഉൾക്കൊണ്ടാണ് ജയ്‌സ്വാളും രാഹുലും കളിക്കാനിറങ്ങിയത്. ക്രീസിൽ ക്ഷമയോടെ പിടിച്ചുനിന്ന ഇരുവരും ഓസീസ് പേസർമാരെ ശ്രദ്ധയോടെയും ക്ഷമയോടെയും നേരിട്ടു. ആക്രമണോത്സുക ഷോട്ടുകൾക്ക് മുതിരാതെ സിംഗിളുകളിലൂടെ സ്കോർ ബോർഡ് ചലിപ്പിക്കാനും ഇരുവർക്കുമായി. ഓപ്പണിങ് സഖ്യത്തെ പൊളിക്കാൻ ഓസീസ് നായകൻ പാറ്റ് കമിൻസ് ഏഴ് ബൗളർമാരെയാണ് രംഗത്തിറക്കിയത്. എന്നാൽ, രണ്ടാംദിനത്തിൽ കോട്ടകെട്ടി വിക്കറ്റ് കാത്ത രാഹുലും ജയ്‌സ്വാളും ഇന്ത്യക്ക് വ്യക്തമായ മേധാവിത്വവും സമ്മാനിച്ചു.