മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടി

തിരുവനന്തപുരം ∙ അങ്കണവാടിയിൽ വച്ച് മൂന്നു വയസുകാരി വീണ് പരുക്കേറ്റ സംഭവം വീട്ടുകാരെ അറിയിച്ചില്ലെന്ന് ആരോപണം. തിരുവനന്തപുരം മാറനല്ലൂർ സ്വദേശി രതീഷ് – സിന്ധു ദമ്പതികളുടെ മകൾ വൈഗയ്ക്കാണ് അങ്കണവാടിയിൽ വച്ച് വീണ് പരുക്കേറ്റത്. കുട്ടിക്ക് വീഴ്ചയിൽ സാരമായി പരുക്കേറ്റിരുന്നു. എന്നാൽ വിവരം അങ്കണവാടി ജീവനക്കാര്‍ വീട്ടുകാരിൽ നിന്ന് മറച്ചുവെച്ചുവെന്നാണ് പരാതി. സംഭവത്തില്‍ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു.

വ്യാഴാഴ്ച ഉച്ചയ്ക്ക് മാറനല്ലൂർ ഗ്രാമപഞ്ചായത്ത് അങ്കണവാടിയിൽ വച്ചാണ് കുട്ടിയ്ക്ക് അപകടം സംഭവിച്ചത്. വൈകിട്ട് വീട്ടിലെത്തിയിട്ടും വൈഗ കരച്ചിൽ നിർത്തിയില്ല. കുട്ടി ചർദിച്ചപ്പോഴാണ് വീട്ടുകാർ വിവരമറിയുന്നത്. മാതാപിതാക്കൾ നടത്തിയ പരിശോധനയിൽ കുട്ടിയുടെ തലയിൽ ചെറിയ മുഴ കണ്ടു. അങ്കണവാടിയിൽ അന്വേഷിച്ചപ്പോൾ കുട്ടി വീണ വിവരം പറയാൻ മറന്നുപോയെന്നാണ് അധികൃതർ പറഞ്ഞത്.

വൈഗ നിലവിൽ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിക്ക് തലച്ചോറിലും സുഷുമ്നാ നാഡിക്കും പരുക്കേറ്റിട്ടുണ്ടെന്നാണ് വിവരം. കുട്ടിയ്ക്ക് ആന്തരിക രക്തസ്രാവവും സംഭവിച്ചിട്ടുണ്ട്.