കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പെരുമ്പപ്പുഴയിൽനിന്ന് കണ്ടെടുക്കുന്നു

കരിവെള്ളൂര്‍ (കണ്ണൂര്‍) : വനിതാ സിവില്‍ പോലീസ് ഓഫീസര്‍ പലിയേരിക്കൊവ്വലിലെ പി.ദിവ്യശ്രീയുടെ കൊലപാതകക്കേസിലെ പ്രതി കെ.രാജേഷിനെ പെരുമ്പയിലെത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തി. കൊല്ലാനുപയോഗിച്ച ആയുധം പെരുമ്പപ്പുഴയില്‍ ഉപേക്ഷിച്ചെന്ന മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ പെരുമ്പയിലെത്തിച്ചത്. പോലീസും അഗ്‌നിരക്ഷാസേനയും മണിക്കൂറോളം തിരച്ചില്‍ നടത്തിയശേഷം കൊലപാതകത്തിനുപയോഗിച്ച ആയുധം പുഴയില്‍നിന്ന് കണ്ടെടുത്തു.

കൊലപാതകത്തിനായി പോകുമ്പോള്‍ പെരുമ്പയിലെ പെട്രോള്‍ പമ്പില്‍നിന്ന് പെട്രോളും വാങ്ങി കൈയില്‍ കരുതിയിരുന്നു. പെട്രോള്‍ പമ്പ്, ആയുധം വാങ്ങിയ കട എന്നിവിടങ്ങളിലും തെളിവെടുപ്പിനായി കൊണ്ടുപോയി. രാജേഷിനെ 15 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. കൊലപാതകം നടന്ന ദിവ്യശ്രീയുടെ വീട്ടിലും പരിസരത്തും ഫൊറന്‍സിക് വിദഗ്ധര്‍ പരിശോധന നടത്തി.

ദിവ്യശ്രീയെ ആക്രമിക്കുമ്പോള്‍ തടയാന്‍ചെന്ന അച്ഛന്‍ വാസുവിനെയും രാജേഷ് ആക്രമിച്ചിരുന്നു. കഴുത്തിനും ചെവിക്കും വെട്ടേറ്റ വാസു കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിലാണുള്ളത്. ദിവ്യശ്രീയുടെ മൃതദേഹം ശനിയാഴ്ച രാവിലെ 7.30-ന് പയ്യന്നൂര്‍ പോലീസ് സ്റ്റേഷനിലും എട്ടിന് ചന്തേര പോലീസ് സ്റ്റേഷനിലും 8.30-ന് പലിയേരിക്കൊവ്വല്‍ എ.വി. സ്മാരക വായനശാലയിലും പൊതുദര്‍ശനത്തിന് വെക്കും. 10-ന് കൂക്കാനം ജനകീയശ്മശാനത്തില്‍ സംസ്‌കരിക്കും.

വനിതാ സിവില്‍ പോലീസ് ഓഫീസര്‍ ദിവ്യശ്രീയെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശ്യത്തോടെയാണ് ഭര്‍ത്താവ് രാജേഷ് വ്യാഴാഴ്ച വൈകിട്ട് പലിയേരിക്കൊവ്വലിലെ വീട്ടിലെത്തിയത്. വിവാഹമോചനത്തിനായി കണ്ണൂരിലെ കുടുംബകോടതിയില്‍ ദിവ്യശ്രീ നല്‍കിയ കേസിന്റെ വിചാരണ വ്യാഴാഴ്ചയുണ്ടായിരുന്നു.

രാജേഷും ദിവ്യശ്രീയും അച്ഛനും വിചാരണയില്‍ ഹാജരായിരുന്നു. നിരന്തരം ഉപദ്രവിക്കുന്ന രാജേഷുമായി ഒരു കാരണവശാലും യോജിച്ചുപോകാന്‍ കഴിയില്ലെന്ന് ദിവ്യശ്രീയും അച്ഛനും അറിയിച്ചിരുന്നു. കണ്ണൂരില്‍നിന്ന് മടങ്ങുമ്പോള്‍ പയ്യന്നൂരില്‍നിന്ന് കത്തിയും പെട്രോളും വാങ്ങി രാജേഷ് നേരേ ബൈക്കില്‍ പലിയേരിയിലെത്തുകയായിരുന്നു. വീടിനുസമീപം കളിക്കുകയായിരുന്ന മകന്‍ ആശിഷിനോട് അമ്മ വീട്ടിലുള്ള കാര്യം ചോദിച്ച് ഉറപ്പാക്കിയാണ് വീട്ടിലേക്ക് ചെന്നത്.