വിഷ്ണു
ചിറയിൻകീഴ്(തിരുവനന്തപുരം) : ചിറയിൻകീഴ് പുളിമൂട്ടിൽ കടവിനു സമീപം ആനത്തലവട്ടം ഗുരുമന്ദിരം ചൂണ്ടക്കടവിൽ യുവാവ് കുത്തേറ്റു മരിച്ചു. കടയ്ക്കാവൂർ തേവരുനടയ്ക്കു സമീപം തുണ്ടത്തിൽ സ്വദേശി വിഷ്ണു(32)വാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയായിരുന്നു സംഭവം. മീൻ വാങ്ങുന്നതിനിടെയുണ്ടായ തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചതെന്നാണ് സൂചന.ചൂണ്ടയിട്ടു പിടിച്ച മീൻ വാങ്ങാനെത്തിയതായിരുന്നു വിഷ്ണുവും സുഹൃത്തും. അവിടെയുണ്ടായിരുന്ന നിരവധി കേസിലെ പ്രതിയായ ജയനുമായി മീൻ വാങ്ങിയശേഷം വാക്കുതർക്കമുണ്ടായി.
തുടർന്ന് ജയൻ വിഷ്ണുവിനെ കുത്തുകയായിരുന്നു. കുത്തേറ്റ വിഷ്ണുവിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.എന്നാൽ, പെട്ടെന്നുണ്ടായ പ്രകോപനം മാത്രമല്ല കൊലപാതകത്തിനു പിന്നിലെന്ന സംശയം പോലീസിനുണ്ട്. പ്രതി കസ്റ്റഡിയിലായതായി സൂചനയുണ്ട്.വിദേശത്തുനിന്ന് അവധിക്കു നാട്ടിലെത്തിയതായിരുന്നു വിഷ്ണു. അടുത്ത മാസം ആറിന് തിരികെ പോകാനിരിക്കേയാണ് മരണം.
