അമ്മു സജീവ്‌

പത്തനംതിട്ട : നഴ്‌സിങ് വിദ്യാര്‍ഥി അമ്മു എ.സജീവിന്റെ മരണത്തിലേക്ക് നയിച്ചത് സഹപാഠികള്‍ക്കിടയില്‍ നടന്ന പ്രശ്‌നങ്ങള്‍ തന്നെയാണെന്ന നിഗമനത്തിലാണ് പോലീസ്. നവംബര്‍ 15-ന് രാത്രിയാണ് അമ്മുവിന്റെ മരണം. അതിനും ഒരാഴ്ചമുമ്പ് തന്നെ, സഹപാഠികള്‍ അമ്മുവിനെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് പിതാവ് സജീവ്, ചുട്ടിപ്പാറ സ്‌കൂള്‍ ഓഫ് മെഡിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പലിന് ഇ-മെയിലിലൂടെ പരാതി നല്‍കിയിരുന്നു.

അതില്‍, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ള അമ്മുവിന് സഹപാഠികളായ മൂന്നു വിദ്യാര്‍ഥികളില്‍നിന്നേറ്റ മാനസിക പീഡനം വിവരിക്കുന്നുണ്ട്. ആരോപണവിധേയരായ വിദ്യാര്‍ഥികളോട് വിശദീകരണം തേടുകയും മെമ്മോ നല്‍കുകയും ചെയ്തിരുന്നു. രോഗികളുടെ വിവരങ്ങള്‍ കുറിക്കുന്ന ലോഗ് ബുക്ക് കാണാതായതുമായി ബന്ധപ്പെട്ടാണ് വിദ്യാര്‍ഥിനികള്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുന്നത്. ഈ ബുക്ക് ആരുടെ കൈവശമാണെന്ന് കണ്ടെത്തണമെന്ന ആവശ്യവും ഉയര്‍ന്നു. സഹപാഠികളിലൊരാളുടെ ബുക്ക് അമ്മു എടുത്തെന്ന് ആരോപിച്ചതാണ് പ്രശ്‌നങ്ങളുടെ തുടക്കമെന്നും പോലീസ് കോടതിയില്‍ വാദിച്ചു. അമ്മുവിനെ ടൂര്‍ കോഡിനേറ്റര്‍ ആക്കിയതും പ്രശ്‌നങ്ങള്‍ക്കിടയാക്കി.

സംഭവത്തെ തുടര്‍ന്ന് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്ധര്‍, പോലീസ് ഫോട്ടോഗ്രാഫര്‍ എന്നിവരുടെ സംഘം സ്ഥലത്ത് വിശദമായ പരിശോധന നടത്തി തെളിവുകള്‍ ശേഖരിച്ചിരുന്നു. ഹോസ്റ്റലിലെ സി.സി.ടി.വി.യുടെ ഹാര്‍ഡ് ഡിസ്‌ക് ശാസ്ത്രീയ പരിശോധനയ്ക്ക് എടുത്തു. അമ്മുവിന്റെ മുറിയില്‍നിന്നും നോട്ട് ബുക്ക്, മൊബൈല്‍ ഫോണ്‍ എന്നിവയും കണ്ടെടുത്തു. ബുക്കില്‍ പോലീസ് പിടിയിലായ സഹപാഠികളുടെ ഭാഗത്തുനിന്നുണ്ടായ ദുരനുഭവങ്ങളും മറ്റും രേഖപ്പെടുത്തിയതായും, ഉപദ്രവം തുടര്‍ന്നാല്‍ നിയമനടപടികള്‍ക്ക് നിര്‍ബന്ധിതയാകും എന്നെഴുതിയതായും പോലീസ് കണ്ടെത്തി. ‘ഐ ക്വിറ്റ്’ എന്ന് ബുക്കില്‍ അമ്മു കുറിച്ചതായും കണ്ടെത്തി.

പ്രതികള്‍ക്കെതിരേ അമ്മുവിന്റെ പിതാവ് കോളേജ് പ്രിന്‍സിപ്പലിന് അയച്ച പരാതിയും, കോളേജ് അധികൃതര്‍ സ്വീകരിച്ച നടപടികളുടെ രേഖകളും കണ്ടെടുത്തു. ആരോപണവിധേയര്‍ക്ക് ലഭിച്ച മെമ്മോയും, അവയ്ക്ക് അവര്‍ നല്‍കിയ മറുപടികളും, കോളേജ് അധികൃതര്‍ക്ക് അമ്മു ഒപ്പിട്ടുനല്‍കിയ മൊഴിയും പോലീസ് ശേഖരിച്ചിരുന്നു. മാനസികപീഡനവും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചതും അമ്മു അതില്‍ പറയുന്നുണ്ട്.

സഹപാഠികളുടെ മാനസികപീഡനം മരണകാരണമായിട്ടുണ്ട് എന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് മൂവരെയും പത്തനംതിട്ട ഡിവൈ.എസ്.പി. എസ്. നന്ദകുമാറിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയിലെടുത്തത്. ആത്മഹത്യക്കുള്ള കാരണമാകുംവിധം മാനസികപീഡനമുണ്ടായി എന്നതിന് തെളിവുകള്‍ ലഭ്യമായിട്ടുണ്ട്. പോലീസ് ഇന്‍സ്പെക്ടര്‍ ഷിബുകുമാര്‍, എസ്.ഐ.മാരായ ജിനു, ഷെമിമോള്‍, ഷിബു, എ.എസ്.ഐ.മാരായ രാജീവ്, രമേശന്‍ പിള്ള, ഹാഷിം അഷര്‍ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.