പ്രതീകാത്മക ചിത്രം, ഇൻസൈറ്റിൽ പ്രതി ഇക്ബാൽ
അഞ്ചൽ (കൊല്ലം) : യുവതിയെ ബസിൽ തട്ടിക്കൊണ്ടുപോയി ഒരാഴ്ചയോളം തടവിൽ പാർപ്പിച്ച് കൂട്ടബലാത്സംഗം ചെയ്തെന്ന കേസിൽ ജാമ്യത്തിനുശേഷം ഒളിവിൽപ്പോയ ഒന്നാം പ്രതി അറസ്റ്റിലായി. വർക്കല റാത്തിക്കൽ ഇക്ബാൽ മൻസിലിൽ ഇക്ബാലി(48)നെയാണ് അഞ്ചൽ പോലീസ് അറസ്റ്റ് ചെയ്തത്.
1997-ലായിരുന്നു കേസിന് ആസ്പദമായ സംഭവം. അഞ്ചൽ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരിയായ 26-കാരിയെ കുളത്തൂപ്പുഴ ക്ഷേത്രദർശനം കഴിഞ്ഞ് മടങ്ങവേ കുളത്തൂപ്പുഴ-വർക്കല റൂട്ടിൽ സർവീസ് നടത്തുകയായിരുന്ന സ്വകാര്യ ബസിൽ തട്ടിക്കൊണ്ടുപോവുകയും വർക്കലയിൽ എത്തിച്ച് ലോഡ്‌ജുകളിലും റിസോർട്ടിലും തടവിൽ പാർപ്പിച്ച് പീഡിപ്പിക്കുകയും ചെയ്തു എന്നായിരുന്നു കേസ്. ബസുടമയുടെ മകനായ ഇക്ബാൽ ബസിൽ കണ്ടക്ടറായി ജോലിചെയ്യുകയായിരുന്നു.
യുവതിയുടെ പരാതിയിൽ കേസെടുത്ത അഞ്ചൽ പോലീസ് ഇക്ബാൽ ഉൾപ്പെടെയുള്ള പ്രതികളെ പിടികൂടിയിരുന്നു. ജാമ്യത്തിലിറങ്ങിയ ഇയാൾ ഒളിവിൽപ്പോയശേഷം വിദേശത്തേക്കു കടന്നു. പലതവണ ഇക്ബാലിനെ പിടികൂടാൻ ശ്രമം നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. എന്നാൽ അടുത്തിടെ സഹോദരിയുടെ മകളുടെ വിവാഹത്തിനായി ഇയാൾ നാട്ടിലെത്തിയെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
