ഗൗതം അദാനി

ഡൊണാള്‍ഡ് ട്രംപിന്റെ വിജയത്തെ അഭിനന്ദിച്ച് കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപം വാഗ്ദാനം ചെയ്തതിന് പിന്നാലെ ഗൗതം അദാനിക്കെതിരെ യുഎസില്‍ കൈക്കൂലി, തട്ടിപ്പ് കേസുകളില്‍ കുറ്റപത്രം. അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനി ഉള്‍പ്പടെയുള്ള ഏഴ് പേര്‍ക്കെതിരെയാണ് കുറ്റാരോപണം. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു. സൗരോര്‍ജ കരാറുകള്‍ ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നാണ് പ്രധാന ആരോപണം.

അദാനി എനര്‍ജി സൊലൂഷന്‍ 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.

യുഎസിലെ നിക്ഷേപകരെ കബളിപ്പിച്ചെന്നും ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയെന്നുമാണ് യുഎസ് സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന്റെ കുറ്റാരപോണം. അദാനി, അദ്ദേഹത്തിന്റെ അനന്തരവന്‍ സാഗര്‍ അദാനി, അദാനി ഗ്രീന്‍ എനര്‍ജിയുടെ എക്‌സിക്യുട്ടീവുകള്‍, അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡിന്റെ എക്‌സിക്യുട്ടീവ് ആയ സിറില്‍ കബനീസ് എന്നിവര്‍ക്കെതിരെ തട്ടിപ്പിനും ഗൂഢാലോചനക്കും വഞ്ചനയ്ക്കുമാണ് കുറ്റം ചുമത്തിയിട്ടുള്ളത്. മള്‍ട്ടി ബില്യണ്‍ ഡോളര്‍ പദ്ധതികള്‍ വാഗ്ദാനം ചെയ്ത് വ്യാജവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകള്‍ നടത്തി യുഎസ് നിക്ഷേപകരെയും ആഗോള ധനകാര്യ സ്ഥാപനങ്ങളെയും കബളിപ്പിച്ചതായി ആരോപിക്കുന്നു.

265 മില്യണ്‍ ഡോളര്‍ (2237 കോടി രൂപ) കൈക്കൂലി നല്‍കിയതായി കുറ്റപത്രത്തില്‍ പറയുന്നു. ഇരുപത് വര്‍ഷത്തിനുള്ളില്‍ ഈ കരാറുകളില്‍നിന്ന് 200 കോടി ഡോളര്‍ ലാഭമുണ്ടാക്കുമെന്ന് പ്രതീക്ഷ നല്‍കി. അദാനിയെ പരാമര്‍ശിക്കാന്‍ ‘ന്യൂമെറെ യുണോ’, ‘ദി ബിഗ് മാന്‍’ തുടങ്ങിയ കോഡുകളാണ് ഉപയോഗിച്ചിരുന്നതെന്നും പ്രോസിക്യൂട്ടര്‍മാര്‍ ആരോപിക്കുന്നു.

അദാനി ഗ്രീന്‍ എനര്‍ജിക്കായി മൂന്ന് ബില്യണ്‍ ഡോളറിലധികം വായ്പയെടുക്കാന്‍ ഗൗതം അദാനി, സാഗര്‍ അദാനി, വിനീത് ജെയ്ന്‍ എന്നിവര്‍ വായ്പക്കാരില്‍നിന്നും നിക്ഷേപകരില്‍നിന്നും കൈക്കൂലിക്കാര്യം മറച്ചുവെച്ചതായി കുറ്റപത്രത്തില്‍ പറയുന്നു. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന്‍ കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.

ഇന്ത്യയിലെ ഏറ്റവും വലിയ സൗരോര്‍ജ പ്ലാന്റ് സ്ഥാപിക്കുന്നതിന് അദാനി ഗ്രീനിനുള്ള കരാറുകളില്‍ ഏര്‍പ്പെടാന്‍ പ്രേരണ നല്‍കാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കോടിക്കണക്കിന് ഡോളര്‍ കൈക്കുലി നല്‍കുകയോ വാഗ്ദാനം ചെയ്യുകയോ ചെയ്തുവെന്നാണ് പ്രധാന ആരോപണം. പവര്‍ പ്ലാന്റ് പദ്ധതിയുമായി ബന്ധപ്പെട്ട മറ്റൊരു കമ്പനിയായ അസുര്‍ പവര്‍ ഗ്ലോബല്‍ ലിമിറ്റഡ് കോഴയില്‍ ഒരു ഭാഗം നല്‍കാന്‍ സമ്മതിച്ചതായും സെക്യൂരിറ്റീസ് എസ്‌ക്‌ചേഞ്ച് കമ്മീഷന്‍ ആരോപിക്കുന്നു.

അസുര്‍ പവര്‍ ഗ്ലോബലിന്റെ ഒരു ഡയക്ടറാണ് കബനീസ്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ കബനീസും മറ്റുള്ളവരും ചേര്‍ന്ന് തന്ത്രം മനെഞ്ഞതായും എസ്ഇസിയുടെ വ്യവഹാരത്തില്‍ പറയുന്നു.

ആരോപണ വിധേയര്‍:

ഗൗതം അദാനി, സാഗര്‍ എസ് അദാനി, വിനീത് എസ് ജെയിന്‍, രന്‍ജിത് ഗുപ്ത, സിറില്‍ കബനീസ്, സൗരഭ് അഗര്‍വാള്‍, ദീപത് മല്‍ഹോത്ര, രൂപേഷ് അഗര്‍വാള്‍.

ഗൗതം അദാനിക്കും സാഗര്‍ അദാനിക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല.