Photo | x.com/iGorilla19

പെര്‍ത്ത് : ഓസ്‌ട്രേലിയയില്‍ ക്രിക്കറ്റ് മത്സരത്തിനിടെ മുഖത്ത് പന്തിടിച്ചതിനെത്തുടര്‍ന്ന് അംപയര്‍ക്ക് ഗുരുതര പരിക്ക്. പെര്‍ത്തില്‍ നടന്ന ആഭ്യന്തര മത്സരത്തിനിടെയാണ് സംഭവം. ടോണി ഡെ നൊബ്രെഗ എന്ന് പേരുള്ള അംപയര്‍ക്കാണ് പരിക്കേറ്റത്. മുഖത്ത് ഗുരുതര പരിക്കേറ്റ ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബാറ്ററുടെ സ്‌ട്രെയ്റ്റ് ഡ്രൈവ് നൊബ്രെഗയുടെ മുഖത്ത് വന്നിടിക്കുകയായിരുന്നു.

ഓസ്‌ട്രേലിയന്‍ ആഭ്യന്തര മത്സരത്തില്‍ നോര്‍ത്ത് പെര്‍ത്തും വെംബ്ലി ഡിസ്ട്രിക്ട്‌സും തമ്മിലുള്ള മത്സരം നിയന്ത്രിച്ചുകൊണ്ടിരിക്കേയാണ് സംഭവം. മുഖത്തെ എല്ലുകള്‍ക്ക് പൊട്ടലില്ലെങ്കിലും ശസ്ത്രക്രിയയ്ക്ക് വിധേയനാക്കേണ്ടി വന്നേക്കാം എന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. അതേസമയം മുഖത്തിന്റെ ഒരു ഭാഗത്തിനും കണ്‍പോളകള്‍ക്കും പരിക്കേറ്റിട്ടുണ്ട്.

ക്രിക്കറ്റ് മൈതാനത്ത് അംപയര്‍മാര്‍ക്ക് പരിക്കേറ്റ ഒട്ടേറെ സംഭവങ്ങളുണ്ടായിട്ടുണ്ട്. 2019-ല്‍ 80 വയസ്സുകാരനായ ജോണ്‍ വില്യംസ് എന്ന അംപയര്‍ പന്തിടിച്ച് മരിച്ചിരുന്നു. ഗുരുതര നിലയിലായിരുന്ന അദ്ദേഹം ചികിത്സയിലിരിക്കെയാണ് മരിച്ചത്. 2014-ല്‍ ഇസ്രയേല്‍ അംപയര്‍ ഹിലല്‍ ഓസ്‌കറും പന്തിടിച്ച് മരണപ്പെട്ടിരുന്നു.