ഹർഷിത ബ്ലെല്ല, പ്രതി പങ്കജ് ലാംബ

ലണ്ടന്‍ : യുകെയില്‍ ഇന്ത്യന്‍ യുവതിയെ കൊന്നത് കഴുത്തുഞെരിച്ചെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. നോര്‍ത്താംപ്ടണ്‍ഷെയറിലെ കോര്‍ബിയിൽ താമസിക്കുന്ന ഹര്‍ഷിത ബ്രെല്ല (24) എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഇന്ത്യന്‍ വംശജനായ ഭര്‍ത്താവ് പങ്കജ് ലാംബയെ പോലീസ് തിരയുകയാണ്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.

ഈസ്റ്റ് ലണ്ടനില്‍ പങ്കജ് ലാംബയുടെ കാറിന്റെ ഡിക്കിയില്‍ ഉപേക്ഷിച്ച നിലയിലായിരുന്നു ഹര്‍ഷിതയുടെ മൃതദേഹം. നവംബര്‍ 14നാണ് ഹര്‍ഷിതയുടെ മൃതദേഹം കണ്ടെത്തുന്നത്. മൃതദേഹത്തിന്റെ പഴക്കം അനുസരിച്ച് നാല് ദിവസം മുന്‍പാണ് ഹര്‍ഷിത കൊലപ്പെട്ടത് എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ നിഗമനം. നോര്‍ത്താംപ്ടണ്‍ഷെയറില്‍ കൊലപ്പെടുത്തിയ ശേഷം ഇയാള്‍ മൃതദേഹം കാറിന്റെ ഡിക്കിയിലിട്ട് ഇല്‍ഫോഡിലെത്തിക്കുകയായിരുന്നു.

ഹര്‍ഷിതയ്ക്ക് ഭീഷണി ഉണ്ടെന്നു ചൂണ്ടിക്കാട്ടി ബുധനാഴ്ച പൊലീസിന് ഫോണ്‍ സന്ദേശം ലഭിച്ചിരുന്നു. തുടര്‍ന്ന് കോര്‍ബിയിലെ അവരുടെ വീട്ടില്‍ സുരക്ഷാ ഉദ്യോഗസ്ഥരെ പറഞ്ഞയച്ചു. എന്നാല്‍ ഇവര്‍ വീട്ടിലുണ്ടായിരുന്നില്ല. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ കാറിന്റെ ഡിക്കിയില്‍ നിന്ന് മൃതദേഹം കണ്ടെടുത്തത്.

അറുപതിലേറെ ഡിറ്റക്ടീവുമാര്‍ ലാംബയ്ക്കായി അന്വേഷണം നടത്തുന്നുണ്ടെന്നും ഇയാളെപ്പറ്റി വിവരം ലഭിക്കുന്നവര്‍ അറിയിക്കണമെന്നും പോലീസ് അറിയിപ്പ് നല്‍കിയിട്ടുണ്ട്. ലാംബ ഇപ്പോള്‍ രാജ്യം വിട്ടിട്ടുണ്ടാകാമെന്ന സംശയവുമുണ്ട്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലായിരുന്നു ഹര്‍ഷിതയെ പങ്കജ് ലാംബ വിവാഹം കഴിക്കുന്നത്. തുടര്‍ന്ന് ഹര്‍ഷിത ഡല്‍ഹി വിട്ട് ഭര്‍ത്താവിനൊപ്പം യുകെയിലേക്ക് വന്നു. ഹര്‍ഷിതയെ ലാംബ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടെന്നാണ് പരിചയക്കാര്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

പങ്കജിന്റെ പീഡനത്തെ തുടര്‍ന്ന് ഹര്‍ഷിത മുന്‍പ് വീട്ടില്‍ നിന്ന് ഓടിപ്പോയിരുന്നുവെന്നും പിന്നീട് തിരിച്ചെത്തിയെന്നുമാണ് ഡല്‍ഹിയിലുള്ള മാതാപിതാക്കള്‍ പറയുന്നത്. ഇതേക്കുറിച്ച് മകള്‍ ഫോണില്‍ സംസാരിക്കാറുണ്ടെന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു.