താണ്ഡവേശ്വർ

ബെംഗളൂരു : മുടങ്ങിക്കിടക്കുന്ന സിനിമയ്ക്ക് ഇറക്കിയ പണത്തെപ്പറ്റി സംവിധായകനോട് തര്‍ക്കിക്കുന്നതിനിടെ പ്രകോപിതനായ നടന്‍ തന്റെപക്കലുണ്ടായിരുന്ന തോക്കെടുത്ത് നിറയൊഴിച്ചു. നടനെ പോലീസ് അറസ്റ്റുചെയ്തു.

കന്നഡ ടെലിവിഷന്‍ താരം താണ്ഡവേശ്വറിനെയാണ് ബെംഗളൂരു സിറ്റി പോലീസ് അറസ്റ്റുചെയ്തത്. സംവിധായകന്‍ ഭരത് നാവുണ്ടയുമായി സംസാരിക്കുന്നതിനിടയിലാണ് ഇയാള്‍ പ്രകോപിതനായി മുറിയുടെ മേല്‍ക്കൂരയിലേക്ക് നിറയൊഴിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല.

തിങ്കളാഴ്ച രാത്രി എട്ടോടെ ചന്ദ്ര ലേ ഔട്ടിലെ ഭരതിന്റെ ഓഫീസിലാണ് സംഭവം. പണത്തിന്റെ കാര്യത്തെക്കുറിച്ച് സംസാരിക്കാനായി താണ്ഡവ് ഭരതിന്റെ ഓഫീസിലെത്തിയതായിരുന്നു. സംസാരിക്കുന്നതിനിടെ ഇരുവരുംതമ്മില്‍ രൂക്ഷമായ വാഗ്വാദമുണ്ടായി. ഇതിനിടെ, താണ്ഡവേശ്വര്‍ തോക്കെടുത്ത് മുകളിലേക്ക് വെടിയുതിര്‍ത്തു.

ഭരത് സംവിധാനംചെയ്യുന്ന ദേവനംപ്രിയ എന്ന സിനിമയ്ക്കുവേണ്ടി താണ്ഡവേശ്വറുമായി കരാറൊപ്പിട്ടിരുന്നു. ഇതിന് നിര്‍മാതാവിനെ ലഭിക്കാത്തതിനെത്തുടര്‍ന്ന് താണ്ഡവേശ്വര്‍ ആറുകോടി രൂപ ഇതിനായി മുടക്കി. അടുത്തിടെ ഒരു നിര്‍മാതാവിനെ കണ്ടെത്തുകയും ചിത്രീകരണം ആരംഭിക്കുകയും ചെയ്‌തെങ്കിലും വീണ്ടും മുടങ്ങി. ഇതോടെ താണ്ഡവേശ്വര്‍ ഭരതിനോട് പണം തിരികെയാവശ്യപ്പെട്ടു. ഇതാണ് തര്‍ക്കത്തിനു കാരണമെന്ന് പോലീസ് പറഞ്ഞു.