പ്രതീകാത്മക ചിത്രം

ചാരുംമൂട് : വയോധികയെ കാറില്‍ കയറ്റിക്കൊണ്ടുപോയി സ്വര്‍ണാഭരണങ്ങള്‍ കവര്‍ച്ചചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. അടൂര്‍ മൂന്നാളം സഞ്ചിത് ഭവനില്‍ സഞ്ജിത്ത് എസ്. നായരാ(44)ണ് പിടിയിലായത്.

ഇടപ്പോണ്‍ ആറ്റുവ ചൈതന്യയില്‍ തുളസിയമ്മ(75)യുടെ സ്വര്‍ണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. പന്തളത്തെ ബാങ്കില്‍ വാര്‍ധക്യകാല പെന്‍ഷന്‍ വാങ്ങാന്‍ പോകാന്‍ ഇടപ്പോണ്‍ എ.വി. മുക്കില്‍ ബസ് കാത്തുനിന്നതുളസിയമ്മയുടെ സമീപത്ത് സഞ്ജിത്ത് കാര്‍ കൊണ്ടുനിര്‍ത്തി പന്തളത്തേക്കുള്ള വഴി ചോദിച്ചു. വഴി പറഞ്ഞുകൊടുത്തപ്പോള്‍ പന്തളത്തേക്കാണെങ്കില്‍ കാറില്‍ കയറാന്‍ പറഞ്ഞു. വരുന്നില്ലെന്നു പറഞ്ഞിട്ടും നിര്‍ബന്ധിച്ച് കാറിന്റെ പിന്‍സീറ്റില്‍ കയറ്റി.

ചേരിക്കല്‍ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ വയോധികയുടെ മുഖത്തേക്ക് മൂന്നു തവണ കുരുമുളക് സ്പ്രേ അടിച്ചു. മുഖം പൊത്തി ശ്വാസംമുട്ടിയിരുന്ന ഇവരുടെ സ്വര്‍ണമാല വലിച്ചുപൊട്ടിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ കഴുത്തില്‍ കുത്തിപ്പിടിച്ച് കൊന്നുകളയുമെന്നു ഭീഷണിപ്പെടുത്തി.

മൂന്നു പവന്റെ സ്വര്‍ണമാലയും ഒരു പവന്റെ സ്വര്‍ണവളയും ബലമായി ഊരിയെടുത്തു. ഇതിനുശേഷം മുന്നോട്ടുപോയ കാര്‍ റോഡരികില്‍ നിര്‍ത്തി വയോധികയെ തള്ളിയിറക്കി. ഇറങ്ങുന്നതിനിടെ കൈയിലിരുന്ന പഴ്സും തട്ടിപ്പറിച്ചെടുത്തു.

റോഡില്‍ കരഞ്ഞുകൊണ്ടുനിന്ന ഇവരെ സമീപത്തെ വീട്ടിലെ സ്ത്രീയും തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകളും കണ്ട് വിവരം തിരക്കി. അത്യാവശ്യം പ്രാഥമികശുശ്രൂഷ നല്‍കിയതിനുശേഷം വണ്ടിക്കൂലി നല്‍കി വീട്ടിലേക്കു ബസ് കയറ്റിവിട്ടു. വീട്ടിലെത്തിയശേഷമാണ് പോലീസില്‍ വിവരമറിയിച്ചത്.

നൂറനാട് പോലീസ് ഇന്‍സ്‌പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. സി.സി.ടി.വി. ക്യാമറയില്‍നിന്ന് പ്രതിവന്ന കാറിന്റെ നമ്പര്‍ കണ്ടെത്തി. തുടര്‍ന്ന്, അടൂരിലെത്തി കസ്റ്റഡിയിലെടുത്തു. ഇയാളുടെ വീട്ടില്‍നിന്നു സ്വര്‍ണാഭരണങ്ങളും കുരുമുളക് സ്പ്രേയും കണ്ടെടുത്തു. കാറും പിടിച്ചെടുത്തു.

ബി.എസ്.സി. കംപ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഇയാള്‍ കുറച്ചുവര്‍ഷം മുന്‍പുവരെ വിദേശത്ത് ജോലി ചെയ്യുകയായിരുന്നു. നാട്ടിലെത്തിയശേഷം മറ്റു വരുമാനമാര്‍ഗങ്ങള്‍ ഉണ്ടായിരുന്നില്ല. കാറിന്റെയും ആഡംബര ബൈക്കിന്റെയും ലോണ്‍ കുടിശ്ശികയായി. കടബാധ്യത പെരുകിയപ്പോള്‍ പ്രതി മോഷണം നടത്താന്‍ തീരുമാനിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ഒരു സിനിമയില്‍നിന്നാണ് കുരുമുളക് സ്പ്രേ ആയുധമാക്കി കവര്‍ച്ചനടത്താന്‍ പ്ലാന്‍ ചെയ്തതെന്ന് പ്രതി വെളിപ്പെടുത്തി. ഇയാളുടെ ക്രിമിനല്‍ പശ്ചാത്തലവും മുന്‍പ് ഇത്തരം കൃത്യങ്ങള്‍ ചെയ്തിട്ടുണ്ടോയെന്നും അന്വേഷിക്കും. പ്രതിയെ മാവേലിക്കര കോടതിയില്‍ ഹാജരാക്കി.