ലക്കിടി യിൽ യുഡിഎഫ് പ്രവർത്തകർ വാഹനങ്ങൾ തടയുന്നു
കല്‍പ്പറ്റ : വയനാട് ഉരുള്‍പൊട്ടലില്‍ കേന്ദ്രസഹായം വൈകുന്നതിനെതിരെ എല്‍.ഡി.എഫും യു.ഡി.എഫും പ്രഖ്യാപിച്ച ഹര്‍ത്താല്‍ തുടങ്ങി. മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടലിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ ആണ് ഹര്‍ത്താല്‍. ദുരന്തബാധിതരുടെ പുനരധിവാസം വൈകിപ്പിക്കുന്നു എന്നാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച യുഡിഎഫ് ആരോപിക്കുന്നത്. വിവിധസംഘടനകളും ഹര്‍ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ ആറുമുതല്‍ വൈകിട്ട് ആറുമണിവരെയാണ് ഹര്‍ത്താല്‍. ജില്ലയില്‍ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വീസ് നടത്തുന്നത്. ചരക്ക് നീക്കത്തിനുള്ള വാഹനങ്ങളും നിലവില്‍ നിരത്തിലുണ്ട്. മറ്റ് ജില്ലകളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും വരുന്ന വാഹനങ്ങളാണിവ. ഹര്‍ത്താലിനോട് വ്യാപാരി വ്യവസായി ഏകോപന സമിതി ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ടുള്ളതിനാണ് കടകമ്പോളങ്ങള്‍ അടഞ്ഞുകിടക്കുകയാണ്.
അതേസമയം വയനാട്ടിലെ ലക്കിടിയില്‍ സമരാനുകൂലികള്‍ വാഹനങ്ങള്‍ തടയുന്നുണ്ട്. വയനാട്ടിലെ മൂന്ന് ഡിപ്പോകളില്‍ നിന്ന് പോലീസ് സംരക്ഷണത്തില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നടത്തുമെന്നാണ് അറിയിച്ചിട്ടുള്ളത്.
