ഡഗ് ബ്രേസ്‌വെല്‍

വെല്ലിങ്ടണ്‍ : നിരോധിത ലഹരിവസ്തുവായ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയ ന്യൂസീലന്‍ഡ് പേസര്‍ ഡഗ് ബ്രേസ്വെല്ലിന് വിലക്ക്. ന്യൂസീലന്‍ഡിലെ ആഭ്യന്തര ടി20 ലീഗായി സൂപ്പര്‍ സ്മാഷില്‍ ഈ വര്‍ഷം ജനുവരിയില്‍ നടന്ന സെന്‍ട്രല്‍ സ്റ്റാഗ്‌സ് – വെല്ലിങ്ടണ്‍ ഫയര്‍ബേര്‍ഡ്‌സ് മത്സരത്തിനു ശേഷം നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് 34-കാരന്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. മത്സരത്തില്‍ 21 റണ്‍സ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തുകയും 11 പന്തില്‍ നിന്ന് 30 റണ്‍സ് നേടുകയും ചെയ്ത ബ്രേസ്‌വെല്‍ കളിയിലെ താരമാകുകയും ചെയ്തിരുന്നു.

ന്യൂസീലന്‍ഡ് സ്‌പോര്‍ട്‌സ് ഇന്റഗ്രിറ്റി കമ്മിഷനാണ് താരത്തിന് വിലക്കേര്‍പ്പെടുത്തിയത്. കമ്മിഷന്റെ ഹിയറിങ്ങില്‍ കൊക്കെയ്ന്‍ ഉപയോഗിച്ചതായി താരം സമ്മതിച്ചിരുന്നു. എന്നാല്‍ മത്സരദിവത്തിനു മുമ്പായിരുന്നു ഉപയോഗമെന്നും താരം കമ്മിഷനെ അറിയിച്ചിരുന്നു. ഒടുവില്‍ ബ്രേസ്‌വെല്ലിന്റെ വാദങ്ങള്‍ അംഗീകരിച്ച കമ്മിഷന്‍ ആദ്യം മൂന്ന് മാസത്തെ വിലക്കാണ് ഏര്‍പ്പെടുത്തിയത്. എന്നാല്‍ പിന്നീട് ലഹരി ഉപയോഗം ഒഴിവാക്കുന്നതിനുള്ള പ്രത്യേക ചികിത്സയ്ക്ക് വിധേയനായതിനെ തുടര്‍ന്ന് വിലക്ക് ഒരു മാസമായി കുറയ്ക്കുകയായിരുന്നു. വിലക്ക് പൂര്‍ത്തിയായതിനാല്‍ താരത്തിന് ഇനി കളിക്കളത്തിലേക്ക് തിരിച്ചെത്താനാകും.