പ്രതീകാത്മക ചിത്രം

പട്ന : ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്റെ അടിയേറ്റ് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ കണ്ണിന് ഗുരുതര പരിക്ക്. ബിഹാറിലെ ഉമൈറാബാദ് മേഖലയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. കണ്ണിന് ഗുരുതരമായി പരിക്കേറ്റ 12 വയസ്സുകാരനായ അമിത്ത് ഇപ്പോള്‍ പട്നയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെത്തുടര്‍ന്ന് അധ്യാപകനും സ്‌കൂള്‍ മാനേജ്‌മെന്റിനുമെതിരേ പോലീസ് കേസെടുത്തു.

നവംബര്‍ 13-നായിരുന്നു സംഭവം. ഹോംവര്‍ക്ക് ചെയ്യാതെ വന്നതിന് അധ്യാപകന്‍ അമിത്തിനെ വടികൊണ്ട് അടിക്കുകയായിരുന്നു. ഇതിനിടെ കുട്ടിയുടെ ഇടതുകണ്ണിന് അടികൊള്ളുകയായിരുന്നു. കണ്ണിന് വേദനയുണ്ടെന്ന് കുട്ടി അറിയിച്ചതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ പരിക്ക് സാരമായതിനാല്‍ കൂടുതല്‍ വിദഗ്ധ പരിചരണത്തിനായി കുട്ടിയെ പട്ന ആശുപത്രിയിലേക്ക് റഫര്‍ ചെയ്തതായി കുടുംബാംഗങ്ങള്‍ പറഞ്ഞു. കണ്ണിനേറ്റ പരുക്ക് ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍മാർ പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും അര്‍വാള്‍ എസ്പി രാജേന്ദ്ര കുമാര്‍ ഭീല്‍സെയ്ദ് അറിയിച്ചു.